ആര്‍എസ്എസിന്റെ ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയത്. ആര്‍എസ്എസ് ആഭിമുഖ്യമല്ല, മൗലികാവകാശങ്ങള്‍ തകരാതിരിക്കാനാണ് അത് ചെയ്തത്.
എന്നാല്‍ ആര്‍എസ്എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടിയിലാണ് കെ സുധാകരന് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ സംഘടനാ കെഎസ് യു പ്രവര്‍ത്തകനായിരിക്കുന്ന കാലത്ത്, എടക്കാട്, തോട്ടട, കുഴുന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ അതു അടിച്ചുപൊളിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു.
അവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ് ആളെ അയച്ച് സംരക്ഷണം കൊടുത്തത്. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും ഒട്ടും ആഭിമുഖ്യമുണ്ടായിട്ടില്ല. ഒരു ജനാധിപത്യ അവകാശം, മൗലിക അവകാശം തകര്‍ക്കപ്പെടുന്നത് നോക്കി നില്‍ക്കുന്നത് ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ലെന്ന തോന്നലാണ് അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയത്.
https://calicutnews.in/infopages/apollo-dimora-calicut/
ഒരിക്കലും ആര്‍എസ്എസിന്റെ ഒരു തരത്തിലുള്ള പ്രവര്‍ത്തനവുമായും ബന്ധപ്പെട്ടിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം ഓരോ പൗരന്റേയും ജന്മാവകാശമാണ്. അത് നിലനില്‍ക്കേണ്ടത് നാടിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിന് പോറലേല്‍ക്കാതെ, മതേതരത്വത്തിന് പോറലേല്‍ക്കാതെ നടക്കുന്ന ഏതു പ്രവര്‍ത്തനത്തിനും സഹായിക്കേണ്ട സ്ഥിതി ജനാധിപത്യ മതേതര രാഷ്ട്രത്തിലുണ്ടാകണം. അങ്ങനെയൊരു തോന്നലാണ് അന്ന് സഹായം നല്‍കിയതിന് പിന്നില്‍. അതു ശരിയോ തെറ്റോ എന്നൊക്കെ വിവാദമായേക്കാമെന്ന് സുധാകരന് പറഞ്ഞു. തന്നെ ഏറെ സ്വാധീനിച്ച അപൂര്‍വം രാഷ്ട്രീയ നേതാക്കളിലൊരാളാണ് എംവി രാഘവനെന്നും സുധാകരന് പറഞ്ഞു.