കോഴിക്കോട്: മെഡി. കോളജിൽ സുരക്ഷാജീവനക്കാരെയും മാധ്യമപ്രവർത്തകനെയും രോഗിയുടെ കൂട്ടിരിപ്പുകാരനെയും മർദിച്ച കേസിൽ രണ്ട് മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞ രണ്ട് ഡി.വൈ.എഫ്.ഐക്കാർ ഒടുവിൽ പൊലീസിൽ കീഴടങ്ങി.
കേസിലെ ആറാം പ്രതി ചേവായൂർ കുരുങ്ങുമ്മൽ ‘അരങ്ങ്’ ഹൗസിൽ പി.എസ്. നിഖിൽ (33), ചേവായൂർ കിഴക്കെപ്പറമ്പത്ത് ജിതിൻലാൽ (27) എന്നിവരാണ് ചൊവ്വാഴ്ച രാവിലെ 10.40ന് നടക്കാവിലെ മെഡി. കോളജ് അസി കമീഷണർ ഓഫിസിൽ കീഴടങ്ങിയത്. ജിതിൻലാൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയാണ്. ഹൈകോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. ഇവരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (കുന്ദമംഗലം) കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ നേരത്തെ കീഴടങ്ങിയിരുന്നു.
ആഗസ്റ്റ് 31ന് മെഡി. കോളജ് പ്രവേശനകവാടത്തിൽ സുരക്ഷാജോലി ചെയ്യുകയായിരുന്ന മൂന്നു വിമുക്തഭടന്മാരെ ഡി.വൈ.എഫ്.ഐ സംസ്ഥാനസമിതി അംഗം കെ. അരുണിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചുവെന്നാണ് കേസ്. ദിനേശൻ നരിക്കുനി, കെ.എ. ശ്രീലേഷ്, കുറ്റ്യാടി സ്വദേശി രവീന്ദ്രപ്പണിക്കർ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമം സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെയും ആക്രമണം തടയാൻ ശ്രമിച്ച രോഗിയുടെ കൂട്ടിരിപ്പുകാരൻ കോട്ടക്കൽ സ്വദേശി കെ. പ്രജീഷിനെയും ആക്രമികൾ മർദിച്ചു. ഐ.പി.സി 143, 147, 341, 323, 332, 308, 452, 120 (ബി), 333, 326, ആർ/ ഡബ്ല്യൂ 149, ആരോഗ്യസ്ഥാപനങ്ങളിലെ അക്രമം തടയൽ വകുപ്പ് 3, 4 (2012) വകുപ്പുപ്രകാരവുമാണ് കേസ്.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനേശൻ ഇപ്പോഴും ചികിത്സയിലാണ്. ഇദ്ദേഹത്തിന് നട്ടെല്ലിന് കഴിഞ്ഞവർഷം ശസ്ത്രക്രിയ കഴിഞ്ഞതാണ്. നിലത്തുവീണ സതീശനെ ആക്രമികൾ ചവിട്ടിക്കൂട്ടുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ വ്യക്തമായിരുന്നു. കുറ്റകരമായ ഗൂഢാലോചന നടത്തി ഗുണ്ടാ ആക്രമണമാണ് നടത്തിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പ്രതി അരുൺ ഭാര്യയോടൊപ്പം ഒന്നാം ഗേറ്റ് വഴി സൂപ്രണ്ട് ഓഫിസിലേക്ക് പോവാൻ ശ്രമിച്ചപ്പോൾ സുരക്ഷാജീവനക്കാർ അനുവദിക്കാത്തതാണ് മർദനത്തിന് കാരണമായത്. ഒ.പി ഗേറ്റ് വഴിയാണ് സൂപ്രണ്ടിനെ കാണാൻ പോകേണ്ടത് എന്ന സുരക്ഷാജീവനക്കാരുടെ നിർദേശം ലംഘിച്ച് ഒന്നാം ഗേറ്റിൽ അതിക്രമിച്ചുകടന്ന ഒന്നാം പ്രതി കെ. അരുൺ സുരക്ഷാജീവനക്കാരുമായി തർക്കമുണ്ടാക്കി.
പിന്നീട് പുറത്തുനിന്ന് ആളുകളെ വിളിച്ചുവരുത്തി ഗുണ്ടാ ആക്രമണം നടത്തി എന്നാണ് കേസ്. ഇതിന്റെ ദൃശ്യങ്ങളെല്ലാം സി.സി.ടി.വിയിലൂടെ ജനം കണ്ടതാണ്. ഡിസ്ക് മാറ്റിവെച്ച രോഗിയാണെന്നറിയിച്ച് കേണപേക്ഷിച്ചിട്ടും രാജ്യത്തിനുവേണ്ടി സേവനം ചെയ്ത വിമുക്തഭടനായ ദിനേശനെ ആക്രമികൾ മരണം വരെ സംഭവിക്കാവുന്നതരത്തിൽ ആക്രമിച്ചു എന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
സമൂഹത്തിന് മാതൃകയാകേണ്ട ഭരണകക്ഷിയായ സി.പി.എമ്മിന്റെ പോഷകസംഘടനയായ ഡി.വൈ.എഫ്.ഐ സംസ്ഥാനതല നേതാക്കൾ ഉൾപ്പെട്ട കേസ് ആയതിനാൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാവുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന മെഡി. കോളജ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം ഗൗരവതരമാണെന്നും അന്വേഷണച്ചുമതല ആദ്യം മെഡി. കോളജ് സി.ഐയെയും പിന്നീട് ഡെപ്യൂട്ടി കമീഷണറുടെ നിർദേശപ്രകാരം മെഡി. കോളജ് അസി. കമീഷണറെയും ഏൽപിക്കുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
സംഭവം നടന്ന് ഏഴാം ദിവസം സെപ്റ്റംബർ ആറിന് ഒന്നാം പ്രതി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ, മറ്റ് പ്രതികളായ എം.കെ. അഷിൻ, കെ. രാജേഷ്, മുഹമ്മദ് ഷബീർ, എം. സജിൻ എന്നിവർ പൊലീസിൽ കീഴടങ്ങിയിരുന്നു. 34 ദിവസം റിമാൻഡിൽ കഴിഞ്ഞ് ഒക്ടോബർ 11ന് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.