രാമനാട്ടുകര: ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിന്റെ പ്രവേശന കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പൂർണമായും പാലത്തിലെ ഇരു ഭാഗങ്ങളിലെ കാൽവിളക്കുകൾ ഭാഗികമായും കണ്ണടച്ചതിൽ പ്രതിഷേധിച്ച് റെസിഡന്റ് അസോസിയേഷൻ ഏകോപന സമിതി ( റെയ്സ്) രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി ഹൈമാസ്റ്റ് വിളക്ക് തൂണിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
ഒരു വർഷത്തോളമായി പ്രദേശം ഇരുൾ മൂടിയിരിക്കുകയാണ്. പുതിയ പാലം നിർമാണത്തിനായി പാലം മറച്ചുകെട്ടിയതോടെ മദ്യം-മയക്കുമരുന്ന് സംഘം താവളമാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് അടിപിടിയും പിടിച്ചുപറിയും പതിവായിട്ടുണ്ട്. പാലത്തിന് താഴെ ഇരു ഭാഗങ്ങളിലേയും സർവീസ് റോഡിൽ സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. റെയ്സ് പ്രതിനിധികൾ നഗരസഭാധ്യക്ഷ ബുഷറ റഫീഖിനും കെ.എസ്.ഇ.ബി അധികൃതർക്കും പരാതി നൽകി. കെ.സി.രവീന്ദ്രനാഥ് , പറമ്പൻ ബഷീർ, സച്ചിദാനന്ദൻ എള്ളാത്ത്, സുലൈഖ , ഹരിദാസ മേനോൻ, പാച്ചിരി സൈയ്തലവി , സിദ്ധീഖ് വൈദ്യരങ്ങാടി, പറമ്പൻ ബാപ്പുട്ടി, ഫിറോസി എന്നിവർ പ്രസംഗിച്ചു.