കോഴിക്കോട്: അപകടാവസ്ഥയിലായ, നഗരത്തിലെ ആദ്യ മേൽപാലം സി.എച്ച്. മുഹമ്മദ് കോയ ഫ്ലൈഓവർ ബ്രിഡ്ജ് 4.22 കോടി ചെലവിൽ നവീകരിക്കാൻ ഭരണാനുമതി. പാലത്തിന്‍റെ സ്ലാബിന്‍റെ ഭാഗം അടർന്നുവീണതിനെ തുടർന്ന് അടിയന്തരമായി നന്നാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിരുന്നു.
ഈ സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ടാണ് നവീകരണത്തിന് നടപടിയായത്. ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവ് കാരണം 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയിരുന്നു.
പാലത്തിനടിയിൽ മാലിന്യവും മറ്റും തീയിട്ട് കത്തിച്ചതിനാൽ ചൂടും വലിയ വാഹനങ്ങൾ പാലത്തിനടിയിലിടിച്ചതും മറ്റു കാരണങ്ങളായി കണ്ടെത്തിയിരുന്നു. മൊത്തം പാലം പൊളിച്ചുമാറ്റേണ്ടെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ പലയിടത്തും ചോർച്ചയുമുണ്ട്.
1984ൽ മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ്ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമായി നിർമിച്ച മേൽപാലം നഗരത്തിനു പുതുമയായിരുന്നു. അതിനുമുമ്പ് ഒന്നാം ഗേറ്റിന് കുറുകെ പണിത ഓവർബ്രിഡ്ജ് മാത്രമായിരുന്നു നഗരത്തിലുണ്ടായിരുന്നത്.