കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ശശി തരൂര്‍ നല്കിയ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെച്ചവരില്‍ എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാര്‍. കോഴിക്കോട്ടുനിന്നുള്ള എം.പി.യായ എം.കെ. രാഘവന്, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവ് എന്‍.കെ. അബ്ദുറഹ്മാന്, കെ. ബാലകൃഷ്ണന്‍കിടാവ്, കെ.എം. ഉമ്മര്‍, മഠത്തില്‍ നാണു, പി. രത്നവല്ലി, എ. അരവിന്ദന് എന്നിവരാണ് ജില്ലയില്‍നിന്ന് ഒപ്പുവെച്ചവര്‍.
തമ്പാനൂര്‍ രവി, കെ.സി. അബു, പി. മോഹന്‍രാജ് തുടങ്ങിയവരൊക്കെ സംസ്ഥാനത്തുനിന്ന് തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. തരൂരിനായി പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനും നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടു.
അതേസമയം പ്രകടനപത്രികയിലെ ഭൂപടത്തിലെ പിഴവിന് തരൂര്‍ മാപ്പ് ചോദിച്ചു. വിവാദം അനാവശ്യമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കശ്മീരിന്റെ ഭൂപടം അപൂര്‍ണമാക്കി ഇന്നലെ പ്രസിദ്ധീകരിച്ചതിനോടു പ്രതികരിച്ച് തരൂര്‍ പറഞ്ഞു.