മാവൂർ: മെഡിക്കൽ കോളജ് മുതൽ മാവൂർ വരെയുള്ള റോഡ് വീതികൂട്ടി പരിഷ്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കൽപള്ളി പാലത്തിനോടു ചേർന്ന് മണ്ണ് പരിശോധന തുടങ്ങി. വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിനുള്ള സർവേയുടെ ഭാഗമായാണ് മണ്ണ് പരിശോധന.
ശനിയാഴ്ച രാവിലെയാണ് പരിശോധന തുടങ്ങിയത്. പാലത്തിന്റെ തെക്കുഭാഗത്ത് തോടിന് ഇരുകരയിലും മണ്ണ് പരിശോധിക്കും. തുടർന്ന് തെങ്ങിലക്കടവ് പാലത്തിനു സമീപത്തും പരിശോധനയുണ്ടാകും. നിലവിൽ പാലങ്ങളുള്ള കൽപള്ളി, തെങ്ങിലക്കടവ് ഭാഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ വിലയിരുത്താനാണ് പരിശോധന.
റോഡ് ഉയർത്തുന്നതിന് പാർശ്വഭിത്തി കെട്ടേണ്ട ഭാഗങ്ങളിലും മണ്ണ് പരിശോധിക്കും. ഡി.പി.ആർ തയാറാക്കുന്നതിനുള്ള സർവേ നേരത്തേ പൂർത്തിയായിരുന്നു. മണ്ണ് പരിശോധനകൂടി കഴിഞ്ഞാൽ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയശേഷം അലൈൻമെന്റ് തീരുമാനിക്കും.
വളവുകൾ പരമാവധി നിവർത്തിയായിരിക്കും പദ്ധതി. സർവേയുടെ ഭാഗമായി 50 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങളുടെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള പ്രോജക്ട് പ്രിപ്പറേഷൻ യൂനിറ്റാണ് ഡി.പി.ആർ തയാറാക്കുക.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് സർവേ ഏറ്റെടുത്ത് നടത്തുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന് (കെ.എസ്.ടി.പി) കീഴിലാണ് പരിഷ്‍കരണ പ്രവൃത്തി നടപ്പാക്കുന്നത്.