മുക്കം: കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമായി നിർബന്ധപൂർവം മണ്ഡലം പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങി വിവാദത്തിലായ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചങ്കിലും പുതിയ കമ്മിറ്റിയുടെ ആയുസ് വെറും രണ്ട് ദിവസം മാത്രം. ജനുവരി 31നാണ് സമാൻ ചാലൂളിയെ പ്രസിഡന്റായി നിയമിച്ച് 47 അംഗ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചത്. എന്നാൽ ഫെബ്രുവരി 2 ന് കമ്മിറ്റി മരവിപ്പിച്ചതായി ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അറിയിക്കുകയായിരുന്നു.
കമ്മിറ്റിയെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നും മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി തൽസ്ഥാനത്ത് തുടരുമെന്നുമാണ് പുതിയ നിർദേശം. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന്പ്രവർത്തകരുടെ വികാരം മാനിക്കാതെ മുൻ മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളിയെ നേരത്തെ പുറത്താക്കുകയും പി. പ്രേമദാസന് ചുമതല നൽകുകയും ചെയ്തിരുന്നു.
മണ്ഡലം കമ്മിറ്റി ഓഫിസിൽ നിന്ന് മുൻ കെ.പി.സി.സി സെക്രട്ടറി എൻ.കെ. അബ്ദുറഹിമാൻ കസേര എടുത്തുകൊണ്ടുപോകുന്നത് തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നത്തിന്റെ ഭാഗമായി മണ്ഡലം പ്രസിഡൻറായ സമാന്റെ രാജി ഡി.സി.സി നിർബന്ധപൂർവം വാങ്ങുകയായിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട് പാർലമെൻറ് ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു കസേര കൊണ്ടുപോകാനുള്ള ശ്രമം. പാർട്ടിക്ക് വേണ്ടി ശക്തമായി പ്രവർത്തിച്ചിരുന്ന സമാനെ രാജിവെപ്പിച്ചതിനെതിരെ പാർട്ടി പ്രവർത്തകരും, വാർഡ് ,ബൂത്ത് ഭാരവാഹികളും ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തിറങ്ങിയിരുന്നുവെങ്കിലും നേതൃത്വം വഴങ്ങിയിരുന്നില്ല.
എന്നാൽ യു.ഡി.എഫ് ഭരിച്ചിരുന്ന കാരശ്ശേരി സഹകരണ ബേങ്ക് ഭരണസമിതി അറിയാതെ ചെയർമാൻ സി.പി.എമ്മിന് വിൽപന നടത്തിയതായി പരാതി ഉയരുകയും, അബ്ദുറഹിമാനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടിയെ നയിക്കാൻ സമാൻ തന്നെ വേണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യവും, പാർട്ടിയെ ദുർബലപ്പെടുത്തുന്നത് ആരായിരുന്നുവെന്ന തിരിച്ചറിവും മൂലം കോൺഗ്രസ് ജില്ല നേതൃത്വത്തിന് മുൻ നിലപാട് മാറ്റി പ്രസിഡൻറ് പദവി സമാന് തിരിച്ചുനൽകുകയുമായിരുന്നു. 47 അംഗ ജംബോ കമ്മിറ്റിയിൽ 7വൈസ് പ്രസിഡൻറുമാരും 22 ജനറൽ സെക്രട്ടറിമാരും 16 എക്സിക്യൂട്ടീവ് അംഗങ്ങളുമാണ് പ്രസിഡന്റിനേയും ട്രഷററേയും കൂടാതെ ഉണ്ടായിരുന്നത്. ഈ കമ്മിറ്റിയാണിപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
