വടകര: മേമുണ്ടക്കടുത്ത് ചല്ലിവയലിൽ ലഹരി വിൽപന എക്സൈസിന് ചോർത്തിനൽകിയതിനെ സംബന്ധിച്ച വാക്കേറ്റത്തിൽ ഒരാൾക്ക് കുത്തേറ്റു. മേമുണ്ട ചല്ലിവയൽ പുതിയോട്ടിൽ ഷെറീഫിനാണ് (45) കുത്തേറ്റത്.
നെഞ്ചിൽ കത്തികൊണ്ട് കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറീഫിന്റെ പിതൃസഹോദരിയുടെ മകൻ പുതിയോട്ടിൽ റഫീഖ് (42) ആക്രമിച്ചതായാണ് പരാതി.
ആക്ടിവ സ്കൂട്ടറിൽ വരുകയായിരുന്ന ഷെറീഫിനെ റഫീഖ് സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം കാറിൽ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരുടെ ഇടപെടലാണ് ഷെറീഫിനെ വലിയ പരിക്കില്ലാതെ രക്ഷപ്പെടുത്തിയത്. പ്രതി സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകർന്ന നിലയിലാണ്.
കാർ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. റഫീഖിന്റെ വീട്ടിൽനിന്ന് മാസങ്ങൾക്കു മുമ്പ് 3000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് അധികൃതർ പിടികൂടിയിരുന്നു. പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന വിവരം എക്സൈസ് അധികൃതർക്ക് നൽകിയത് ഷെറീഫാണെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തർക്കങ്ങൾ ഉണ്ടായിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ഷെറീഫ് പൊലീസിന് മൊഴി നൽകി. റഫീഖ് ഒളിവിലായതിനാൽ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഷെറീഫിന്റെ മകൻ റഫീഖിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതായും പരാതിയുണ്ട്. റഫീഖിന്റെ വീട്ടുകാർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.