ബാലുശ്ശേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് നന്മണ്ട സ്വദേശിയായ യുവാവിനെ ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബേബിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. നടുവണ്ണൂരിൽ വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയ നന്മണ്ട കയ്യാൽ മീത്തൽ അനൂപിനെയാണ് (41) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 9.057 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്.
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് വിൽപന നടത്തുകയാണ് ഇയാളുടെ പതിവുരീതിയെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. സജീവൻ, പ്രിവന്റിവ് ഓഫിസർമാരായ പി.എൻ. രാജീവൻ, ടി. നൗഫൽ, സിവിൽ എക്സൈസ് ഓഫിസർമാരായ സോനേഷ് കുമാർ, ആർ.കെ. റഷീദ്, വനിത സിവിൽ എക്സൈസ് ഓഫിസർ സുജ ഇ. ജോബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.