കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോൺഗ്രസ് വിമതര്‍ക്കെതിരെ ഭീഷണിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് വിമതർക്കെതിരെ സുധാകരൻ ആഞ്ഞടിച്ചത്. ‘തടി വേണോ ജീവന് വേണോ എന്ന് ഓര്‍ക്കണം’ എന്ന് സുധാകരൻ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ, എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ് അവർ. അത് അനുവദിക്കില്ല.
ചേവായൂർ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കി മാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെയും ഇടത് മുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോൺഗ്രസ് അധികാരത്തിൽ വരും. പിന്നിൽ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
ചേവായൂർ ബാങ്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കോൺഗ്രസിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അമ്പതോളം നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജിവച്ചു. ഇതിന് പിന്നാലെയാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ ചിലർ വിമതസ്ഥാനാർഥികളായത്.