വിലങ്ങാട് (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഒരാളെ കാണാതായി. 10 തവണ പല സ്ഥലങ്ങളിലായാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്.
അടിച്ചിപ്പാറയിലുണ്ടായ ഉരുൾ പൊട്ടലിൽ കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെയാണ് കാണാതായത്. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്. നാല്പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു.
അതിനിടെ, വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 54 മൃതദേഹങ്ങൾ പലയിടങ്ങളിലായി ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. നിരവധിപേർ മണ്ണിനടിയിലാണ്. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലൂടെ ഒഴുകിയെത്തിയ 11 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. 50ലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരാണ് മേഖലയിൽ കുടുങ്ങി കിടക്കുന്നത്.
മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര് അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. സൈന്യവും ദേശീയദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി എത്തുന്നുണ്ട്.
ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും താമരശ്ശേരി ചുരത്തിൽ മറ്റുവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി യാത്രാനുമതി നൽകുന്നത്. ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.