കുറ്റ്യാടി: ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് മരം കടപുഴകി. തിങ്കളാഴ്ച പുലർച്ചയുണ്ടായ മിന്നൽ ചുഴലിക്കാറ്റിലാണ് കായക്കൊടി എള്ളീക്കാംപാറ പുന്നത്തോട്ടത്തിൽ ബിജുവിന്റെ വീടിന് മുകളിൽ മരം വീണത്. വീടിന് കേടുപാടുണ്ട്. ആർക്കും പരിക്കില്ല. കുറ്റ്യാടി: മുൻകാലങ്ങളെ അപേക്ഷിച്ച് മഴക്കൊപ്പം കാറ്റും പതിവായതോടെ ഭീതിയിലായി ജനം. കഴിഞ്ഞ ദിവസങ്ങളിൽ കുറ്റ്യാടി മേഖലയിൽ ഒട്ടേറെ നാശങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് തിങ്കളാഴ്ച ഉച്ചക്കും ആഞ്ഞു വീശി. മരുതോങ്കര അങ്ങാടിയിൽ തെങ്ങ് വൈദ്യുതി ലൈനിൽ വീണ് കത്തിയത് ഭീതി പരത്തി.
ഊരത്ത് പുതുക്കുടമീത്തൽ ശരീഫിന്റെ വീടിന് മരങ്ങൾ വീണ് കേടുപാടുണ്ട്. പല സ്ഥലങ്ങളിലും മരങ്ങൾ വീണ്ട് വൈദ്യുതി ലൈൻ തകർന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ തേക്കുമരം കടപുഴകി. സ്റ്റേഷൻ വളപ്പിലും പരിസരത്തും ഒട്ടേറെ മരങ്ങൾ ഭീഷണിയായി നിൽക്കുന്നുണ്ടെന്നും പൊലീസുകാർ ഭീതിയിലാണെന്നും അധികൃതർ പറഞ്ഞു. വില്ലേജ് ഓഫിസിന് ഭീഷണിയായ മരം ദരുന്തനിവാരണ സേന മുറിച്ചുനീക്കി. മറ്റു ഭാഗങ്ങളിലും ദുരന്തനിവാരണ സേനയുടെ വളന്റിയർമാർ സേവത്തിനെത്തി.