കേന്ദ്ര ബജറ്റിൽ ജില്ലയുടെ പ്രതീക്ഷയായിരുന്നു കിനാലൂരിലെ എയിംസും, ചാലിയത്തെ നിർദേശും. പതിവിൻപടി ഇത്തവണയും പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
എയിംസ്: കാത്തിരിപ്പ് വിഫലം
ബാലുശ്ശേരി: സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കുന്നതിന് ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യം കോഴിക്കോട്ട് കിനാലൂരിൽ ഉറപ്പാക്കിയിട്ടും ഇത്തവണയും കേരളത്തിന് എയിംസ് പ്രഖ്യാപിക്കാതെ കേന്ദ്രം അവഗണിച്ചു. 200 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ എയിംസിനായി വാഗ്ദാനം ചെയ്തത്. കിനാലൂരിൽ വ്യവസായ വികസന വകുപ്പിനു കീഴിലെ 151 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു ആരോഗ്യ വകുപ്പിനു കൈമാറി.
ഭാവി വികസനവും കൂടി കണക്കിലെടുത്തു 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 40.68 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള നടപടി ഏതാണ്ട് പൂർത്തിയായി. ലാന്റ് അക്വിസിഷൻ തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിരുകൾ അടയാളപ്പെടുത്തി കല്ലുകളും നാട്ടിയിട്ടുണ്ട്. സ്ഥലമുടമകളായ കുടുംബങ്ങളും നാട്ടുകാരും ഒന്നടങ്കം എയിംസിനായി എന്തു ത്യാഗവും സഹിക്കാൻ തയാറായവരാണ്. കേന്ദ്ര ബജറ്റിൽ ഇത്തവണ എയിംസ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാറിനൊപ്പം കിനാലൂർ നിവാസികളും. എയിംസിനായി കിനാലൂരിൽ സ്ഥലം കണ്ടെത്തി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറിയ ശേഷം മൂന്നു കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ചെങ്കിലും മൂന്നിലും അവഗണന തന്നെയാണ് തുടർന്നത്.
കഴിഞ്ഞ വർഷം എയിംസ് പ്രഖ്യാപനം നടക്കാത്തതിനു കാരണമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ലോക്സഭയിൽ അറിയിച്ചത് കേരളത്തിന്റെ ശിപാർശകൾ അംഗീകരിച്ചിട്ടില്ലെന്നായിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യസുരക്ഷയോജന പ്രകാരം 22 എയിംസുകൾ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ അംഗീകാരം നൽകിയിരുന്നെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു. എം.കെ. രാഘവൻ എം.പി കോഴിക്കോട് എയിംസ് വിഷയം 33 തവണയാണ് പാർലിമെന്റിൽ ഉന്നയിച്ചത്. മാത്രമല്ല ‘എയിംസ് ആക്ട് 1956’ന് ഭേദഗതി നിർദേശിച്ച് പാർലമെന്റിൽ സ്വകാര്യബിൽ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നും മത്സരിച്ചയു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കോഴിക്കോട് കിനാലൂരിൽ എയിംസ് കൊണ്ടുവരുമെന്നായിരുന്നു. കിനാലൂരിൽ ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകിയിട്ടും എയിംസ് അനുവദിക്കാത്ത കേന്ദ്ര നടപടി തിരുത്തണമെന്ന് ബാലുശ്ശേരി എം.എൽ.എ കെ.എം. സച്ചിൻ ദേവ് പറഞ്ഞു.
നിർദേശ് തഴയപ്പെട്ടു; ഇനി എന്താകും?
കടലുണ്ടി: രാജ്യത്തിന് മുതൽകൂട്ടാകാൻ വേണ്ടി ചാലിയത്ത് ആരംഭിച്ച കപ്പൽ രൂപകൽപന കേന്ദ്രത്തെ മോദി സർക്കാറിന്റെ മൂന്നാം ബജറ്റിലും തഴഞ്ഞു. ഇന്ത്യയിൽ പല ഭാഗങ്ങളിലും അന്വേഷിച്ച് ഒടുവിൽ കേന്ദ്രസർക്കാറിന്റെ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയ ചാലിയത്തെ 40 ഏക്കർ സ്ഥലത്ത് 2011ൽ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ലോകോത്തര കപ്പൽ രൂപകൽപന കേന്ദ്രമായ നിർദേശ് ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും വഴിയില്ലാതെ നെടുവീർപ്പിടുകയാണ്. നിർദേശിന്റെ നിലവിലെ അവസ്ഥ മാധ്യമങ്ങൾവഴി പലകുറി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാറിന്റെ തുടർച്ചയായുള്ള മൂന്നു ബജറ്റുകളിലും നിർദേശിന്റെ ‘ഭാവി’യെക്കുറിച്ച് യാതൊരു പരാമർശവുമില്ലാത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
എം.കെ. രാഘവൻ എം.പി ലോക്സഭയിൽ നിർദേശിന്റെ നിലവിലെ അവസ്ഥ ഒട്ടേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവരിൽ നിന്ന് ഉചിതമായ മറുപടി ലഭിച്ചിരുന്നില്ല. അറബിക്കടലിന്റെ കരയോടു ചേർന്നു കിടക്കുന്ന സ്ഥലത്ത് സ്ഥാപിതമായ നിർദേശിന്റെ വരവോടെ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻസിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായാണ് നിർദേശ് പിറവിയെടുത്തത്.
ലോകോത്തര കപ്പൽ രൂപകൽപന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നായിരുന്നു പ്രാരംഭകാലത്തെ പ്രഖ്യാപനമെങ്കിലും തുടർന്നങ്ങോട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ ഉടക്കുകാരണം പദ്ധതിയൊന്നും വെളിച്ചം കണ്ടില്ല. നാവിക സേനക്കു വേണ്ട കപ്പലുകൾ, ടഗ്ഗുകൾ, സർവേ കപ്പലുകൾ എന്നിവയുടെ രൂപകൽപനക്കും നാവിക വാസ്തുവിദ്യക്കായി ഒരു ഡിസൈൻ സോഫ്റ്റ് വേർ യൂനിറ്റും അതോടൊപ്പം പരിശീലനകേന്ദ്രവും അടിയന്തരമായി സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനവും വെറുതെയായി. ടെക്നോളജി ഡെവലപ്മെന്റ്, ഡിസൈൻ സ്കിൽ ഡെവലപ്മെന്റ്, യുദ്ധകപ്പലുകൾ, അന്തർവാഹിനികൾ, അനുബന്ധ ഫ്ലാറ്റ്ഫോമുകൾ എന്നിവയുടെ തദ്ദേശീയ നിർമാണത്തിലേക്ക് നയിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും അതൊന്നും നടന്നില്ല. അതേസമയം, മുംബൈ ഷിപ് യാർഡ് മഡ് ഗോൺ ലിമിറ്റഡിന്റെ കീഴിലേക്ക് നിർദേശിനെ കഴിഞ്ഞ വർഷം മാറ്റിയിട്ടുണ്ടെങ്കിലും തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. കേന്ദ്ര കാബിനറ്റിന്റെ പൂർണ അംഗീകാരം ലഭിക്കുകയും കേന്ദ്രസർക്കാർ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ നിർദേശ് രക്ഷപ്പെടുകയുള്ളൂവെന്നതാണ് നിലവിലെ സ്ഥിതി.
മത്സ്യമേഖലയെ അവഗണിച്ചു’
ബേപ്പൂർ: കേന്ദ്ര ബജറ്റ് മത്സ്യ മേഖലയെ പാടെ അവഗണിച്ചതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു. കഴിഞ്ഞ തവണ കേന്ദ്ര ബജറ്റിൽ ഫിഷറീസ് മന്ത്രാലയത്തിനു വേണ്ടി 2000 കോടി അനുവദിച്ചിട്ടും ഒരു രൂപ പോലും തീരദേശ പദ്ധതികൾക്കായി നടപ്പിലാക്കിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.