വടകര: വടകര – വില്യാപ്പള്ളി – ചേലക്കാട് റോഡിൽ യാത്രാ ദുരിതം വികസനം പൂവണിയുന്നില്ല. റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ നിറഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്. കാലവർഷത്തിൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടക്കുരുക്കായി മാറിയിട്ടുണ്ട്.
ചെറിയ വാഹനങ്ങൾ റോഡിന്റെ പല ഭാഗത്തും അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. അക്ലോത്ത് കനാലിന് സമീപം വെള്ളക്കെട്ടും കുഴികളും നിറഞ്ഞത് രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കിയിട്ടുണ്ട്. റോഡ് വികസനത്തിന് 83 കോടി രൂപയുടെ പ്രൊപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും ചില സ്ഥല ഉടമകൾ ഭൂമി വിട്ടുനൽകാത്തത് വികസനത്തിന് തടസ്സമാവുന്നത്. 80 ശതമാനം ഭൂമി റോഡ് വികസനത്തിന് ഇതിനകം വിട്ടുകിട്ടിയിട്ടുണ്ട്. ബാക്കി വരുന്ന സ്ഥലങ്ങൾകൂടി ലഭിച്ചാൽ മാത്രമേ റോഡ് നിർമാണം പൂർണമാവുകയുള്ളൂ. വടകര – വില്യാപ്പള്ളി – ചേലക്കാട് റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഒപ്പം തുടക്കം കുറിച്ച കൈനാട്ടി -നാദാപുരം റോഡിന്റെ പ്രവൃത്തി പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇവിടെ പൊന്നും വിലയുള്ള ഭൂമിയാണ് വികസനത്തിന് വിട്ടുനൽകിയത്. കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ പ്രവൃത്തി നാദാപുരം ചേലക്കാടുനിന്ന് ആരംഭിക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്. ഈ ഭാഗങ്ങളിൽ ഭൂമി ഏതാണ്ട് വിട്ടുകിട്ടിയിട്ടുണ്ട്. ഭൂമി വിട്ടുനൽകുന്നതിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് ഭൂഉടമകളുടെ വാദം. ഇത് സംബന്ധിച്ച് കർമസമിതി രൂപവത്കരിച്ച് പ്രവർത്തിച്ച് വരികയാണ്.
എന്നാൽ, പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടെ പുനർനിർമിച്ച് നൽകാൻ കിഫ്ബിക്ക് സമർപ്പിച്ച പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈനാട്ടി -നാദാപുരം റോഡ് വികസനത്തിൽ ഇത്തരത്തിലൊന്നും നൽകിയിരുന്നില്ല. റോഡ് വികസനം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാണെങ്കിലും ദുരിതയാത്രക്ക് എന്ന് അറുതിവരുമെന്ന് യാതൊരു നിശ്ചയവുമില്ല.