കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വിഡിയോ കാളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത കേസിൽ എല്ലാ പ്രതികളും അറസ്റ്റിൽ. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ നിർമിച്ച് പരാതിക്കാരന്റെ വാട്സ്ആപ് വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ പ്രധാന പ്രതി പ്രശാന്ത് എന്ന മുഹമ്മദ് അലിയാണ് (38) കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ പിടിയിലായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേസിൽ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളിൽനിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ തെളിവുകള്‍ ശേഖരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ േഫാൺ ഇയാളിൽനിന്ന് കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് േസ്റ്റഷൻ അസി. കമീഷണർ പ്രേം സദൻ, ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ എന്നിവരുടെ േനതൃത്വത്തിലുള്ള സംഘം തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിെയ റിമാൻഡ് ചെയ്തു.
കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നൽകുകയും പണം പിൻവലിക്കാൻ സഹായിക്കുകയും ചെയ്ത അമരീഷ് അേശാക് പാട്ടിൽ, സിദ്ധോഷ് ആനന്ദ് കാർെവ, കൗശൽ ഷാ, ശൈഖ് മുർതസ ഹയാത് ഭായി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
േകന്ദ്ര ഗവ. സ്ഥാപനത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത േകാഴിക്കോട് സ്വദേശിയിൽനിന്ന് 2023 ജൂലൈയിൽ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും രൂപവും വ്യാജമായി നിർമിച്ച് ആശുപത്രി ചെലവിനാണെന്നു പറഞ്ഞ് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്.