കുന്ദമംഗലം: സാധാരണയായി ഫോറസ്റ്റ് അധികൃതർക്കോ ഗ്രാമപഞ്ചായത്ത് അധികൃതർക്കോ ലഭിക്കാറുള്ള ഒരു പരാതികണ്ട് ഞെട്ടിയിരിക്കുകയാണ് കുന്ദമംഗലം പൊലീസ്. സ്കൂളിൽ പാമ്പുശല്യം ഉണ്ടെന്നുകാണിച്ച് ആർ.ഇ.സി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പലാണ് കുന്ദമംഗലം എസ്.എച്ച്.ഒക്ക് പരാതി നൽകിയത്.
സ്കൂളിലെ ക്ലാസ് മുറികളിൽനിന്ന് ഈ മാസം 13നും 14നും ആണ് പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും പാമ്പുശല്യം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ച ഉടൻ തുടർ നടപടിക്കായി ഫോറസ്റ്റ് വകുപ്പിന് കൈമാറിയെന്ന് കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാർ പറഞ്ഞു.
എന്നാൽ, തുറക്കുന്നതിനുമുമ്പ് സ്കൂളും പരിസരവും വൃത്തിയാക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കുലർ ഇറങ്ങിയിട്ടുണ്ട്. അത് സ്കൂൾ അധികൃതർ പാലിച്ചോ എന്ന് പൊലീസ് സംശയിക്കുന്നു. വിഷയത്തിൽ പ്രതികരണം ചോദിച്ചു ബന്ധപ്പെട്ടെങ്കിലും പ്രിൻസിപ്പൽ സംസാരിക്കാൻ വിസമ്മതിച്ചു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്കൂളിലും പരിസരത്തും രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ രണ്ട് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തി. സ്കൂളിന്റെ പരിസരത്ത് എൻ.ഐ.ടിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. അവിടെ നിന്നായിരിക്കും പാമ്പിന്റെ കുഞ്ഞുങ്ങൾ എത്തിയതെന്ന് സംശയിക്കുന്നതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു. അതേസമയം, സ്കൂൾ തുറക്കുന്നതിനുമുമ്പ് എല്ലാ മുൻകരുതലുകളും അറ്റകുറ്റപ്പണികളും എടുത്തതാണെന്ന് പി.ടി.എ പ്രസിഡന്റ് പറഞ്ഞു. ഞായറാഴ്ചയും സ്കൂളിലെ മുഴുവൻ ഭാഗങ്ങളും വീണ്ടും പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു.