പൂനൂർ: അപകടത്തിൽപ്പെട്ട കാറിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടി. ഉണ്ണികുളം പഞ്ചായത്തിലെ പൂനൂർ പാലത്തിനടുത്ത് വെള്ളിയാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. താമരശ്ശേരി ഭാഗത്തുനിന്ന് വരുകയായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ച കാറാണ് എതിർദിശയിൽ വന്ന മറ്റൊരു കാറിലിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കെ.എൽ 12 എൽ 5006 നമ്പർ ഫോക്സ് വാഗൺ കാറിൽനിന്ന് രണ്ടു ഗ്രാം മെത്താഫെറ്റമിൻ, 12 ഗ്രാം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്.
കാറിനകത്ത് പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. കാറിലുണ്ടായിരുന്ന നരിക്കുനി പാറന്നൂർ സ്വദേശി താഴെ പുതിയോട്ടിൽ അജ്മൽ റോഷനെ (23) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളാണെന്നും ജില്ലയിലെ പ്രധാന ലഹരി വിൽപനക്കാരനാണെന്നും പൊലീസ് അറിയിച്ചു. ബാലുശ്ശേരി എസ്.എച്ച്.ഒ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ എസ്.ഐമാരായ വേണുഗോപാൽ, മുഹമ്മദ് പുതുശ്ശേരി, എ.എസ്.ഐമാരായ അബ്ദുൽ കരീം, രാജേഷ് കായണ്ണ, ഡ്രൈവർ ബൈജു എന്നിവരാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.