നാദാപുരം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും. ഒന്നാംപ്രതി വാണിമേൽ നിടുമ്പ്രമ്പിലെ അനിൽ (44), രണ്ടാംപ്രതി ഏറ്റുമാനൂർ സ്വദേശി എം. ദാസ് (44), മൂന്നാംപ്രതി മണ്ണാർക്കാട് സ്വദേശിനി ചങ്ങിലേരി വസന്ത (43) എന്നിവർക്കാണ് നാദാപുരം ഫാസ്റ്റ് ട്രാക് കോടതി എം. ശുഹൈബ് ശിക്ഷ വിധിച്ചത്.
അനിലിന് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും, ദാസിന് ആറുമാസം കഠിനതടവും 5000 രൂപയും, വസന്തക്ക് 20 വർഷം തടവും ആറുമാസം കഠിനതടവും 35,000 രൂപ പിഴ അടക്കാനുമാണ് വിധിച്ചത്.
രണ്ടും മൂന്നും പ്രതികളുടെ കൂടെ പരപ്പുപാറയിലെ വാടക വീട്ടിൽ താമസിച്ചുവരവേ പന്ത്രണ്ടുകാരി അതിജീവിതയെ ഒന്നാംപ്രതി അനിൽ പെൺകുട്ടിയുടെ വീട്ടിൽവെച്ചും ഒന്നാംപ്രതിയുടെ വീട്ടിൽവെച്ചും പല തവണ ബലാത്സംഗം ചെയ്യുകയും ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും കുട്ടി വിവരം പറഞ്ഞപ്പോൾ രണ്ടും മൂന്നും പ്രതികൾ കുട്ടിയെ വീണ്ടും പ്രേരിപ്പിക്കുകയും വിവരം ആരെയും അറിയിക്കാതെ ഒളിച്ചുവെക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
പലരിൽനിന്നും ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിന്റെ ഭാഗമായി ബാലികസദനത്തിൽ എത്തിച്ചപ്പോഴാണ് ക്രൂരമായ പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. കേസിലെ മൂന്നാംപ്രതി വസന്ത ഇതേ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ മറ്റൊരു കേസിൽ 75 വർഷം കഠിനതടവ് വിധിച്ചതിനാൽ കണ്ണൂർ വനിത ജയിലിൽ കഴിയുകയാണ്. ഇതേ കേസിൽ രണ്ടാംപ്രതി ദാസിനെയും ആറുമാസം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ദാസും വസന്തയും മറ്റൊരു കേസിൽ വിചാരണ നേരിടുകയുമാണ്. വളയം പൊലീസ് എടുത്ത കേസിൽ ഇൻസ്പെക്ടർ ജീവൻ ജോർജ്, നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്, ഓഫിസർ കുഞ്ഞുമോൾ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.