കൊടുവള്ളി: ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് അയച്ചുനൽകി വീട്ടമ്മയിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ പ്രതികളിൽ ഒരാളെ കൊടുവള്ളി പൊലീസ് പിടികൂടി. പുതുപ്പാടി അമ്പലക്കണ്ടി വീട്ടിൽ ഉവൈസ് സുൽത്താനാണ് (22) പിടിയിലായത്. ഓമശ്ശേരി പുത്തൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉവൈസ് സുൽത്താൻ പിടിയിലാവുന്നത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. യുവാവ് ലിങ്ക് വഴി കോയിൻ പർച്ചേസ് ചെയ്ത് കൂടുതൽ പണം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിയുടെ ഫോണിലേക്ക് ലിങ്ക് അയച്ചുനൽകുകയായിരുന്നു. അതിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ലിങ്കിൽ കയറിയശേഷം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പിലെ പ്രധാന കണ്ണികൾ ഇതരസംസ്ഥാനത്തുള്ളവരാണെന്നാണ് സംശയിക്കുന്നതെന്നും പിടിയിലായെ ഉവൈസ് തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്നുമാണ് പൊലീസ് പറയുന്നത്.
കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു. കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ സി. ഷാജു, സബ് ഇൻസ്പെക്ടർ പി. പ്രകാശൻ, എസ്.സി.പി.ഒമാരായ എ.കെ. രതീഷ്, ദിജീഷ്, സി.പി.ഒ സത്യരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.