വടകര: സമൂഹ മാധ്യമം വഴി ഓൺ ലൈൻ ട്രേഡിങ്ങിന്റെ മറവിൽ ഡോക്ടറുടെ പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് തോണിക്കര മിൽഹാജ് (24), മലപ്പുറം മേലാറ്റൂർ ചെട്ടിയാൻതൊടി മുഹമ്മദ് ഫാഹിം (23) എന്നിവരെയാണ് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ റൂറൽ സൈബർ ക്രൈം ഡിവൈ.എസ്.പി ഷാജ് ജോസും സൈബർ ഇൻസ്പെക്ടർ എം.ടി. വിനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വടകര എടോടിയിലെ ഡോ. ഹാരിസിന്റെ രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികൾ ഓൺ ലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയും അത് വഴി സംസ്ഥാനത്തിന് പുറത്തുള്ള ഓൺ ലൈൻ തട്ടിപ്പുകാർ ഇത്തരം അക്കൗണ്ടിലൂടെ പണം കൊള്ളയടിക്കുകയും ചെയ്യുന്നു. ഓൺലൈൻ തട്ടിപ്പുകാർക്ക് പണമിടപാടിനായി ബാങ്ക് അക്കൗണ്ടുകൾ നൽകുന്നവർക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ ടി.ബി. ഷൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി. രൂപേഷ്, കെ.എം. ബിജു, കെ. ലിനീഷ് കുമാർ, എം.ടി. ഷഫീർ, യു. ഷിബിൻ എന്നിവരും ഉണ്ടായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.