കോഴിക്കോട്: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്ര നിലപാടിനെ സ്വാഗതംചെയ്ത് ‘ജന്മഭൂമി’. രാമക്ഷേത്രത്തെ പിന്തുണച്ച മുസ്ലിം ലീഗ് നിലപാട് ഒരേസമയം സ്വാഗതാർഹവും കൗതുകകരവുമാണെന്ന് ബി.ജെ.പി മുഖപത്രമായ ജന്മഭൂമി മുഖപ്രസംഗത്തിൽ പറഞ്ഞു.
ആർ.എസ്.എസ് കേരളയുടെ ഫേസ്ബുക് പേജിലും സാദിഖലി തങ്ങളുടെ പ്രസംഗം ഇടംപിടിച്ചു. ‘മറച്ചുവെക്കാനാവില്ല യാഥാർഥ്യം’എന്ന അടിക്കുറിപ്പോടെയാണ് പ്രസംഗ വിഡിയോ പോസ്റ്റ് ചെയ്തത്.
നേരത്തേ ന്യൂനപക്ഷ മോർച്ച പ്രസ്താവന സ്വാഗതം ചെയ്തിരുന്നു. അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതോടെ ആശ്ചര്യകരമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് പറഞ്ഞുതുടങ്ങിയ ജന്മഭൂമി മുഖപ്രസംഗം, അയോധ്യ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ തുടക്കം മുതൽ പറയുന്ന കാര്യമാണ് സാദിഖലി തങ്ങൾ പറഞ്ഞതെന്നും അത് ശരിയായ നിലപാടാണെന്നും വിലയിരുത്തുന്നു.
‘രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ പരമോന്നത നേതാവ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിൽ നിർമിച്ച രാമക്ഷേത്രവും നിർമിക്കാൻപോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിർമിച്ചതെന്നും ലീഗ് അധ്യക്ഷൻ പറഞ്ഞതിൽ തീർച്ചയായും പുതുമയുണ്ട്’-ജന്മഭൂമി തുടർന്നു.
‘ രാമക്ഷേത്രം മുസ്ലിംകൾക്ക് എതിരല്ലെന്നും തർക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കിൽ അത് മറ്റൊരിടത്തേക്ക് മാറ്റാവുന്നതാണെന്നും അയോധ്യ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ തുടക്കംമുതൽ പറയുന്നതാണ്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയും ഇതുതന്നെയായിരുന്നല്ലോ.
മുസ്ലിം ലീഗിനെപ്പോലുള്ള ഒരുകക്ഷി ഈ നിലപാടിലേക്ക് എത്തിയതിൽ രാഷ്ട്രീയ സമ്മർദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലക്ക് അത് ശരിയായ നിലപാടാണ്. അന്ധമായ ഹിന്ദുവിരോധം കൊണ്ടുനടക്കുന്നവരെ ലീഗ് നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാ’മെന്നും മുഖപ്രസംഗം പ്രത്യാശിക്കുന്നു.
മലപ്പുറം പുൽപറ്റയിലെ മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സാദിഖലി തങ്ങൾ പ്രസ്താവന നടത്തിയത്. പ്രസംഗത്തിനെതിരെ വിമർശനം ഉയർന്നപ്പോൾ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്തുണച്ച് രംഗത്തുവന്നെങ്കിലും മറ്റാരും പിന്തുണക്കാനെത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
വിമർശനങ്ങളെ പ്രതിരോധിക്കാനാകാതെ ലീഗ് പ്രവർത്തകർ പ്രതിസന്ധിയിലാവുകയും ചെയ്തു. വിവാദം താമസിയാതെ കെട്ടടങ്ങുമെന്നും അതിനുശേഷം സാദിഖലി തങ്ങൾ കാര്യങ്ങൾ വിശദീകരിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾക്ക് ലഭിച്ച സന്ദേശം.