പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ജലവിതരണത്തിനായി തുറന്നു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് തുറന്നത്. ജില്ലയില്‍ വരള്‍ച്ചയും കുടിവെള്ള പ്രശ്നവും പരിഹരിക്കുന്ന പ്രധാന പദ്ധതിയാണിത്. വലതുകര മെയിന്‍ കനാലിലാണ് വെള്ളം തുറന്നുവിട്ടത്.
പെരുവണ്ണാമൂഴി അണക്കെട്ടില്‍നിന്ന് ആരംഭിക്കുന്ന കനാല്‍ പട്ടാണിപ്പാറ ഭാഗത്തുവെച്ചാണ് ഇടതുകര, വലതുകര കനാലുകളായി പിരിയുന്നത്. ഇടതുകര കനാല്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും വലതുകര വടക്കന്‍ ഭാഗങ്ങളിലും ജലസേചനത്തിനായി വെള്ളമെത്തിക്കും.
പെരുവണ്ണാമൂഴിയിലെ സ്മൃതിമണ്ഡപത്തില്‍ പദ്ധതിക്കുവേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ച് കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യു.കെ. ഗിരീഷ് കുമാര്‍ ഷട്ടര്‍ തുറന്ന് കനാലിലേക്ക് വെള്ളം ഒഴുക്കി വിട്ടു.ഈ മാസം എട്ടിന് കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലേക്ക് ജലം എത്തിക്കുന്ന ഇടതുകര കനാലും തുറക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 20നാണ് കനാല്‍ തുറന്നത്.
കനാല്‍ തുറക്കുന്നതിന്റെ ഭാഗമായി 2.88 കോടി രൂപ ചെലവഴിച്ച് നവീകരണം, ശുചീകരണം, കാടുവെട്ടല്‍, ബലപ്പെടുത്തല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. ബിജു, വി. അരവിന്ദാക്ഷന്, എ.ഇമാരായ പി.വി. അജയ് ചന്ദ്രന്, കെ. ടി. അര്ജുന്, വി. പി. അശ്വിന് ദാസ്, കെ. പി. പ്രമിത, വി.കെ. അശ്വതി, വി.വി. സുഭിക്ഷ, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ടി. പ്രീതി, എ.ഇ. ദീപു, സി. കുഞ്ഞപ്പന്, സബ് എന്‍ജിനീയര്‍മാരായ കെ. സലീം, സി. മധുലാല്‍ എന്നിവര്‍ പങ്കെടുത്തു.കനാല്‍ തുറന്നുവിട്ടതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.