മാവൂർ: റീ ടാർ ചെയ്ത് ദിവസങ്ങൾക്കകം തകർന്ന് വിവാദത്തിലായ മാവൂർ-കൂളിമാട് -എരഞ്ഞിമാവ് റോഡ് വീണ്ടും തകർന്നു. താത്തൂർ പൊയിലിനും പി.എച്ച്. ഇ.ഡിക്കും ഇടയിലായി രണ്ടുഭാഗത്താണ് ടാറിങ് പൊളിഞ്ഞത്. വാഹനങ്ങൾ പോകുമ്പോൾ ടാറിങ് വീണ്ടും പൊളിയുകയും തെന്നിനീങ്ങുകയും ചെയ്യുന്നുണ്ട്.
ആറുകോടി ചെലവിട്ട് റീടാർ ചെയ്ത റോഡിൽ താത്തൂർപൊയിൽ, കൂളിമാട്, ചുള്ളിക്കാപറമ്പ് ഭാഗങ്ങളിൽ ഒരാഴ്ചക്കകം ഇത്തരത്തിൽ തകർന്നിരുന്നു. 110 മീറ്റർ നീളത്തിലാണ് അന്ന് തകർന്നത്.
പരാതിയെതുടർന്ന്, പൊതുമരാമത്ത് വിജിലൻസ് വിഭാഗം സ്ഥലത്തെത്തി പരിശോധിക്കുകയും അപാകത കണ്ടെത്തുകയും ചെയ്തിരുന്നു. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് റോഡ് പണി കഴിഞ്ഞ് ഉടനെ തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിട്ടു
റോഡ് കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് നിർദേശിക്കുകയും കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്തു.
ഇതനുസരിച്ച്, അറ്റകുറ്റപ്പണി നടത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് മറ്റ് രണ്ട് ഭാഗത്ത് തകർന്നത്.