വടകര: ചോറോട് ആറു കടകൾ കുത്തിത്തുറന്ന് മോഷണം. കടകളിൽനിന്ന് പണവും സാധനങ്ങളും നഷ്ടപ്പെട്ടു. ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തെ കടകളിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടി.പി.ആർ സ്റ്റോറിന്റെ പൂട്ടുപൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷ്ടിച്ചു. തൊട്ടടുത്ത റിയാസിന്റെ അൽഅമീൻ ചിക്കൻ സ്റ്റാളിൽനിന്ന് 1000 രൂപയും കവർന്നു. മണ്ണിൽ രാജീവന്റെ പലചരക്ക് കടയുടെ പൂട്ടുപൊളിച്ച് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്.
ഇവിടെനിന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. സജീവന്റെ ഉടമസ്ഥതയിലുള്ള കെ.എൻ ട്രേഡേഴ്സിലും പൂട്ടു പൊട്ടിച്ച് അകത്തുകടന്ന് പണം കവർന്നു. ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറിക്കടയിലും ത്രീസ്റ്റാർ മീൻകടയിലും പൂട്ടുപൊളിച്ച് സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. വടകര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടുപേരുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
വടകര ടൗണിൽ രണ്ടുമാസം മുമ്പ് ഒരേദിവസം 15 കടകളിൽ മോഷണം നടന്നിരുന്നു. സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ചോറോട് കടകളിൽ നടന്ന മോഷണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.