കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, ഉൽപാദനം, വിൽപന എന്നിവക്കെതിരെ നഗരസഭ, പൊലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നഗരസഭയിലെ രാഷ്ട്രീയ പാർട്ടികൾ, മദ്യനിരോധന സമിതി, യുവജന സംഘടനകൾ, മഹല്ല് കൂട്ടായ്മ, സാംസ്കാരിക സംഘടനകൾ, പി.ടി.എ കമ്മിറ്റികൾ, നഗരസഭ, പൊലീസ്, എക്സൈസ് എന്നിവയുടെ സംയുക്ത യോഗം കൊടുവള്ളി നഗരസഭ ഹാളിൽ ചേർന്നു. നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ടൗൺ കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മ രൂപവത്കരിക്കുക, നഗരസഭ, പൊലീസ്, എക്സൈസ് എന്നിവയുടെ സംയുക്ത പരിശോധന സംഘടിപ്പിക്കുക, ഡിവിഷൻ തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഡിവിഷൻ തലത്തിൽ ലഹരിവിരുദ്ധ സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുക, സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സ്കൂളിലും പരിസരത്തും കൂടുതൽ നിരീക്ഷണവും ഇടപെടലുകളും നടത്തുക, നഗരസഭ തലത്തിൽ ജാഗ്രത സമിതി പുനഃസംഘടിപ്പിക്കുക, രാത്രിയിലെ വഴിയോര കച്ചവടക്കാർക്ക് സമയപരിധി നിശ്ചയിക്കുക, ലഹരിവിൽപന നടത്തുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക, വിദ്യാർഥികളുടെ ലൈഫ് സ്കിൽ വികസിപ്പിക്കുക, കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കൗൺസലിങ് നടത്താനും അവർക്ക് പോസിറ്റിവായിട്ടുള്ള കാഴ്ചപ്പാട് ഉണ്ടാക്കാനും സാമൂഹിക പ്രതിബദ്ധതയോടുകൂടിയ ജീവിതം കെട്ടിപ്പടുക്കുവാനും സെന്റർ ഫോർ അഡ്വാൻസ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് എന്ന ഏജൻസിയുടെ സഹായത്തോടെ സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് റൂട്സ് പ്രോഗ്രാം നൽകാനും തീരുമാനിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സുബൈർ, സുബൈദ അബ്ദുസലാം, കെ.എം. സുഷിനി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് കുമാർ, കൊടുവള്ളി എസ്.ഐ എം.കെ. സാജു, കൊടുവള്ളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സനൽകുമാർ, നഗരസഭ സൂപ്രണ്ട് ബഷീർ, വി.കെ. അബ്ദുഹാജി, ശറഫുദ്ദീൻ കളത്തിങ്ങൽ, കോതൂർ മുഹമ്മദ്, പി.ടി.സി. ഗഫൂർ, എൻ.വി. ആലിക്കുട്ടി ഹാജി, കെ.പി. മൊയ്തീൻ, വി.കെ. അബ്ദു, ടി.പി. നാസർ, ഒ.പി. റഷീദ്, റഹിം, ടി.കെ. ബിഷർ എന്നിവർ സംസാരിച്ചു.