താമരശ്ശേരി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പരപ്പൻപൊയിലിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാത്രി പ്രവാസിയായ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38) ആയുധങ്ങളുമായി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിടിവലിക്കിടെ ഷാഫിയുടെ ഭാര്യ സനിയയെയും കാറിൽ കയറ്റിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിട്ടു.
ഷാഫിയുടെ വീട്ടിലെത്തിയ ഡിവൈ.എസ്.പി ടി.കെ. അശ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരുമാസം മുമ്പ് ഷാഫിയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയ സംഘത്തിൽപെട്ടവരെയാണ് ശനിയാഴ്ച ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതെന്നും പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും ഡിവൈ.എസ്.പി പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തവരെ ശനിയാഴ്ച രാത്രിയോടെ വിട്ടയച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷനും സൈബർ പൊലീസ് സംവിധാനങ്ങളും പ്രതികളെ എത്രയുംവേഗം വലയിലാക്കാൻ പൊലീസ് സജ്ജീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫി ദുബൈയിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ ഉൾപ്പെട്ടവരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ശനിയാഴ്ച ശാഫിയുടെ ഭാര്യ സനിയയിൽനിന്ന് അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം ബലം പ്രയോഗിച്ച് ഭർത്താവിനെ കാറിൽ കയറ്റുന്നത് പ്രതിരോധിച്ചതിനിടെ സനിയക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. വീടിന്റെ പരിസരത്തുനിന്ന് പിടിവലിക്കിടെ ഗുണ്ടകൾ കൊണ്ടുവന്ന പിസ്റ്റളിന്റെ പൊട്ടിയ ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇത് പൊലീസ് പരിശോധനക്കെടുത്തിട്ടുണ്ട്.
സംഭവമറിഞ്ഞ് റൂറൽ എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരും ശനിയാഴ്ച താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി ഡിവൈ.എസ്.പിയുമായി ചർച്ച നടത്തി.
താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൊടുവള്ളി, ബാലുശ്ശേരി, താമരശ്ശേരി സി.ഐമാരും അഞ്ച് എസ്.ഐമാരുമടങ്ങിയ പ്രത്യേക അന്വേഷണം സംഘമാണ് കേസന്വേഷിക്കുന്നത്.