കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയുടെ രേഖചിത്രം വരയ്‌ക്കുന്നു. ട്രെയിനിൽ യാത്ര ചെയ്ത റാസികിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കുന്നത്. യാത്രാ വേളയിൽ റാസികിന്റെ എതിർവശത്തെ സീറ്റിൽ ഇരുന്നതായാണ് ലഭിക്കുന്ന വിവരം.സംഭവം ആസുത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അല്ലെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന മൊഴി.
ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി നടന്നു നീങ്ങി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.
എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ചു പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതേതുടർന്ന് യാത്രക്കാർക്ക് ഡി1 കമ്പാർട്ട്മെന്‍റിൽ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറയുകയായിരുന്നു