വടകര: ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണംവെച്ച് ശീട്ടുകളിയും ചട്ടികളിയും നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസ് പരിശോധനക്കെത്തിയപ്പോൾ തിങ്കളാഴ്ച രാത്രി പൊലീസിനുനേരെ ആക്രമണം നടന്നു.
ഉത്സവസ്ഥലത്തിനടുത്തുള്ള സ്വകാര്യസ്ഥലത്താണ് ചൂതാട്ടം നടന്നത്. നാട്ടുകാരുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസിന് നേരെ ആദ്യം മൺകട്ടകൾകൊണ്ടാണ് ആക്രമണമുണ്ടായത്. വിദൂരസ്ഥലങ്ങളിൽ നിന്നടക്കമുള്ളവരാണ് ചൂതാട്ടത്തിലേർപ്പെട്ടത്.
പൊലീസ് ഇവരെ പിടികൂടുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ കത്തി വലിച്ചൂരി പൊലീസുകാരിൽ ഒരാളെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും സംഘംചേർന്ന് മോചിപ്പിച്ചുകൊണ്ടുപോയി. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ ചിതറിയോടിയ പലർക്കും പരിക്കേറ്റെങ്കിലും കേസ് ഭയന്ന് ആശുപത്രികളിൽ ചികിത്സതേടിയിട്ടില്ല.
കഴിഞ്ഞയാഴ്ച എടച്ചേരി പൊലീസ് പരിധിയിൽ കാക്കന്നൂർ ക്ഷേത്രോത്സവത്തിനിടെ സംഘർഷവിവരമറിഞ്ഞെത്തിയ പൊലീസിന് നേരെ കൈയേറ്റമുണ്ടായി. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞമാസം രണ്ടിടത്താണ് പൊലീസിന് നേരെ ആക്രമണം നടന്നത്.
കല്ലാച്ചി മുത്തപ്പൻ മഠപ്പുര ക്ഷേത്രോത്സവ സ്ഥലത്തുണ്ടായ ആക്രമണത്തിൽ പൊലീസ് ജീപ്പ് തകർത്തു. ആവോലം അയ്യപ്പ ഭജനമഠത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊലീസിന് നേരെ കല്ലേറും സംഘർഷവുമായി. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പരാതി നൽകാത്തതിനാൽ കേസെടുത്തില്ല.
ഉത്സവസ്ഥലങ്ങൾ കേന്ദ്രീകരിക്കുന്ന മദ്യ-മയക്കുമരുന്ന്-ചൂതാട്ടസംഘങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ക്രിമിനൽസംഘങ്ങൾ തലപൊക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.