പയ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളിൽ മോഷണം. വിവിധ കടകളിൽ നിന്നായി രണ്ടുലക്ഷത്തിലധികം രൂപ കവർന്നതായി പരാതി. ദേശീയപാതയിൽ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള എഫ്.കെ ബ്രാൻഡ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് കടയുടെ ഷട്ടറിന്റെ പൂട്ടും ഗ്ലാസും തകർത്താണ് മോഷണം നടത്തിയത്.
കടയിൽ സൂക്ഷിച്ച ഒന്നരലക്ഷം രൂപയാണ് കവർന്നത്. കൂടാതെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകർത്തശേഷം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്.
ശനിയാഴ്ച പുലർച്ച 3.15ഓടെയാണ് കവർച്ച നടന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നത്. മോഷണത്തിന് ഉപയോഗിച്ച കമ്പിയും പ്ലയറും കടയുടെ പുറത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി. crimeഇതേ കെട്ടിടത്തിൽ സമീപത്തുള്ള വാഹന പുകപരിശോധന കേന്ദ്രത്തിന്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ അകത്തുകയറി 1500 രൂപ കവർന്നിട്ടുണ്ട്.
കെട്ടിടത്തിലെ മറ്റൊരു സ്ഥാപനമായ പ്രവർത്തിക്കാതെ അടച്ചിട്ടിരുന്ന ഫെയ്മസ് ബേക്കറിയിലും മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.
അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപത്തെ പ്ലാസ ഹോട്ടലിന്റെ പൂട്ട് തകർത്തുഅകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാമറകൾ തകർത്ത ശേഷം പാലിയേറ്റിവ് കേന്ദ്രത്തിന്റെ പണമടങ്ങിയ സംഭാവന പെട്ടി എടുത്തു കൊണ്ടുപോയി. തിക്കോടി ടൗണിലെ എ.ബി.എസ് സൂപ്പർ മാർക്കറ്റിൽ നിന്ന് അമ്പത്തിയഞ്ചായിരത്തോളം രൂപയും നിരവധി ഭക്ഷ്യസാധനങ്ങളും കളവ് പോയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ച 5.15 ഓടെയാണ് ഇവിടെ കവർച്ച നടത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്.
തിക്കോടി മീത്തലെപള്ളിക്ക് സമീപം ദേശീയപാതയോരത്തെ പള്ളിത്താഴെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തട്ടുകട തകർത്ത് മൂവായിരം രൂപ കവർന്നിട്ടുണ്ട്. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് ഊർജ്ജിതമല്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി.