
കോഴിക്കോട്: കൃഷി വകുപ്പിലെ ഭരണസൗകര്യാർഥമുള്ള സ്ഥലംമാറ്റം വകുപ്പു ഭരിക്കുന്ന സംഘടനയുടെ അനുകൂലികൾക്ക് മാത്രമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമിറങ്ങിയ കൃഷി വകുപ്പിലെ കൃഷി അസിസ്റ്റന്റ് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ ഉദ്യോഗസ്ഥ സംഘടനയായ കെ.എ.ടി.എസ്.എ, കെ.ജി.ഒ.എഫ് അനുകൂലികൾക്കെന്നാണ് ആക്ഷേപം.
പൊതു സ്ഥലംമാറ്റത്തിന് അപേക്ഷയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ ഏറക്കുറെ പാലിക്കപ്പെടുന്നുണ്ടെങ്കിലും ഭരണ സൗകര്യാർഥമെന്ന പേരിലുള്ള സ്ഥലംമാറ്റമാണ് വേണ്ടപ്പെട്ടവർക്ക് ഇഷ്ടപ്രകാരം നൽകിയത്.
സംഘടനയിൽ അംഗത്വമുള്ളവർക്കും അനുകൂലികൾക്കുമാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം നൽകിയതെന്നാണ് ആരോപണം. സ്ഥലംമാറ്റം ലഭിച്ച 41 കൃഷി അസിസ്റ്റന്റുമാരിൽ മുപ്പതോളം പേരും സംഘടനാനുകൂലികളാണ്. അർഹരായ പലർക്കും നൽകാതെയാണ് ഇഷ്ടക്കാർക്ക് ഭരണതലത്തിൽ സ്ഥലംമാറ്റം നൽകിയത്.
ഏഴുപേർക്ക് തിരുവനന്തപുരത്തുനിന്ന് അതേ ജില്ലയിൽ ഇഷ്ടസ്ഥലത്തേക്കാണ് സ്ഥലംമാറ്റം അനുവദിച്ചത്. മൂന്നുപേർക്ക് ഇടുക്കിയിലും അഞ്ചുപേർക്ക് കണ്ണൂരിലും ഇഷ്ട ഇടം നൽകിയതായി ആക്ഷേപമുയർന്നു.
കോഴിക്കോടും മലപ്പുറത്തും പാലക്കാടും ‘സ്വാധീനമുള്ളവർ’ സ്ഥലംമാറ്റം നേടി. 81 കൃഷി ഓഫിസർമാർക്കാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയത്. അതേസമയം, കൃഷിവകുപ്പിൽ 90 ശതമാനം ജീവനക്കാരും കെ.ജി.ഒ.എഫ് അംഗങ്ങളാണെന്നും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അവർക്കാവുക സ്വാഭാവികമാണെന്നും ഒരു ഭാരവാഹി ‘മാധ്യമ’ത്തോടു പറഞ്ഞു.