
വടകര : റൂറൽ സൈബർ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ല പ്രവർത്തനം ജില്ല പൊലീസ് മേധാവിയുടെ പുതുപ്പണത്തെ ഓഫിസിലെ കാബിനിൽ ഒതുങ്ങി. സൈബർ ക്രിമിനൽ കേസുകളിൽ ഒരു വർഷത്തിനിടെ 75 ശതമാനം വർധനനയാണുണ്ടായത്. കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു ഇതിനിടെയാണ് സ്ഥലസൗകര്യമില്ലാതെ സൈബർ പൊലീസ് സ്റ്റേഷൻ വീർപ്പുമുട്ടി കഴിയുന്നത്.
റൂറൽ ജില്ലയിലെ 21 പൊലീസ് സ്റ്റേഷനുകളിലെ സൈബർ കുറ്റകൃത്യങ്ങൾ വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിക്കുന്നത് പുതുപ്പണത്തെ സ്റ്റേഷനിൽ നിന്നാണ്. ഒരു സി.ഐ ഉൾപ്പെടെ18 പേരാണ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. സ്റ്റേഷനിൽ നിന്നുതിരിയാൻ ഇടമില്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്.
ജീവനക്കാരായ പൊലീസുകാർക്കു പോലും ഇരുന്ന് ജോലി ചെയ്യാൻ സ്ഥലമില്ലാത്തിടത്ത് പരാതിയുമായി എത്തുന്നവർ നിന്നനിൽപിൽ പരാതി ബോധിപ്പിച്ച് പോകേണ്ട അവസ്ഥയാണ്.
സൈബർ കുറ്റകൃത്യങ്ങളിൽ പലപ്പോഴും രഹസ്യ സ്വഭാവത്തോടെ പരാതികൾ ബോധിപ്പിക്കേണ്ടിവരും സ്റ്റേഷന്റെ സ്ഥലപരിമിതിയിൽ പരാതിയുമായി എത്തുന്നവർ പരസ്യമായി കാര്യങ്ങൾ അവതരിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. റൂറൽ സൈബർ പൊലീസ് ഇതിനകം നിരവധി സൈബർ കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
സമർഥരായ ഉദ്യോഗസ്ഥരും സ്റ്റേഷന് മുതൽക്കൂട്ടായുണ്ട്. എന്നാൽ സ്ഥലപരിമിതി സ്റ്റേഷൻ പ്രവർത്തനത്തിന് വിലങ്ങു തടിയായിട്ടുണ്ട്.
സ്റ്റേഷൻ പ്രവർത്തനം പൊലീസ് മേധാവിയുടെ ഓഫിസിനകത്തായതിനാൽ സാധാരണക്കാർ പരാതിയുമായി പോകാൻ മടിക്കുകയാണ്. പൊലീസ് സ്റ്റേഷൻ സാധാരണജനങ്ങൾക്ക് എത്താൻ കഴിയുന്ന സ്ഥലത്തുസ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.