നാദാപുരം: ആരവങ്ങളും സന്ദർശക ബാഹുല്യവും കുറഞ്ഞ് സാധാരണ നിലയിലേക്ക് തിരിച്ച് വരുന്ന വിലങ്ങാട് ടൗണിൽ ഒരു കണക്കിലും പെടാത്ത മണിയെന്ന 50 കാരന് മാത്രം സ്വസ്ഥമായി കിടക്കാനിടമില്ല. മഴയൊന്ന് ശക്തമായാൽ വെള്ളം റോഡിലേക്ക് ഇരച്ചുകയറാൻ സാധ്യതയുള്ള പുഴവക്കിലെ ഒഴിഞ്ഞുകിടക്കുന്ന പെട്ടിക്കടയുടെ അടിഭാഗമാണ് സ്വന്തമായി നടക്കാൻ പോലും കഴിയാത്ത മണിയുടെ ഇപ്പോഴത്തെ അഭയകേന്ദ്രം.
പതിനഞ്ചാം വയസ്സിലാണ് തമിഴ്നാട് തിരുവാലൂർ വേളാങ്കണി സ്വദേശിയായ മണി വിലങ്ങാടെത്തുന്നത്. സ്വന്തക്കാരെ കുറിച്ച് ഒരറിവും ഇപ്പോഴില്ല. കൂലിപ്പണിയെടുത്തായിരുന്നു ജീവിതം. ജോലി കഴിഞ്ഞാൽ വിലങ്ങാട് ടൗണിൽ കടമുറി വരാന്തകളിൽ കിടന്നുറങ്ങും. ഇതിനിടയിലാണ് ജൂലൈ 30ന് രാത്രി മലവെള്ളം കുതിച്ചെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മണിയും മലവെള്ള പാച്ചിലിൽ പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടി.
പിറ്റേന്ന് മുതൽ പാരിഷ് ഹാളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം മണിയും അന്തേവാസിയായി. ഇവിടെ കഴിയുന്നതിനിടെ സ്റ്റെപ്പിറങ്ങുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ വലതുകാലിൽ പൊട്ടൽ സംഭവിക്കുകയും മുട്ടോളം പ്ലാസ്റ്ററിടേണ്ടിയും വന്നു. പരസഹായമില്ലാതെ നടക്കാൻ കഴിയാതായ മണി ക്യാമ്പിൽ വളന്റിയർമാരുടെ സഹായത്തോടെയാണ് നിത്യവൃത്തികൾ ചെയ്തു പോരുന്നത്.
ക്യാമ്പ് പിരിച്ചുവിട്ടതോടെ സ്വന്തമായി മേൽവിലാസമോ, റേഷൻ കാർഡോ ഇല്ലാത്ത മണിയും രേഖകളിൽ നിന്നും പിരിച്ചുവിടപ്പെട്ടു.
പുറമ്പോക്കിലേക്ക് തള്ളപ്പെട്ട മണിക്ക് അഭയം പുഴവക്കിലെ പെട്ടിക്കട മാത്രമായി. ഏതോ മരക്കമ്പ് ഊന്നുകാലായി ഉപയോഗിച്ച് അതിസാഹസികമായി നിത്യ കർമങ്ങൾ ചെയ്തു തീർക്കുന്നു. ആരെങ്കിലും നീട്ടിനൽകുന്ന ഭക്ഷണം സ്വീകരിച്ചാണ് കനത്തമഴയിലും വെയിലിലും സർക്കാർ കണക്കിലൊന്നും പെടാത്ത മണി ക്യാമ്പ് വീട്ടതിന് ശേഷം ദിവസങ്ങൾ തള്ളിനീക്കുന്നത്.