കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിലേക്ക് പതിച്ചു. പൊതുമരാമത്ത് വകുപ്പ് 4.21 കോടി മുടക്കി മുക്കം ചെറുവാടി എൻ.എം. ഹുസൈൻ ഹാജി റോഡിൽ പുനർനിർമിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തിയാണ് പുഴയിലേക്ക് വീണത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി 20 മീറ്ററിലധികം പുഴയിലേക്ക് പതിച്ചിട്ടുണ്ട്.
കൊടിയത്തൂർ നിവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് പാലത്തിന്റെ പ്രവൃത്തി മൂലം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. 40 വർഷം മുമ്പ് നിർമിച്ച പാലത്തിന്റെ കമ്പികൾ പുറത്തുചാടി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പാലം പുനർനിർമിക്കുന്നത്.
ഗവ. സ്കൂളുകളും ആശുപത്രികളും അടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കൊടിയത്തൂരിലേക്കുള്ള ആശ്രയമായ റോഡിലെ പ്രവൃത്തി കാരണം വിദ്യാർഥികളടക്കം നിരവധിപേർ ബുദ്ധിമുട്ടുകയാണ്.