മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചു.
പുതുപ്പാടി ജി.എം.എൽ.പി സ്കൂൾ, മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ദാറുൽ ഹുദ മദ്റസ എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളാണ് പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്.
സ്ഥാനാർഥി പോളിങ് സ്റ്റേഷനുകളിലെത്തിയതോടെ വോട്ടർമാർക്കും പ്രവർത്തകർക്കും വലിയ ആവേശമായി. പ്രിയങ്ക ഗാന്ധിയെ കാണാൻ നിരവധി പേരാണ് ഓരോ പോളിങ് സ്റ്റേഷനുകളിലും തടിച്ചുകൂടിയത്. വോട്ടർമാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞും കൈകൊടുത്തും ആലിംഗനം ചെയ്തും പ്രിയങ്ക ഗാന്ധി അവരോട് ചേർന്നുനിന്നു. യു.ഡി.എഫ് നേതാക്കൾ പ്രിയങ്ക ഗാന്ധിയെ അനുഗമിച്ചു.
വയനാട്ടിലെ ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹം വാക്കുകൾക്ക് അതീതമാണെന്നും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുവേണ്ടി ശക്തമായി പോരാടുമെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശേഷം കോഴിക്കോട് വിമാനത്താവളം വഴി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങി.