വടകര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വടകരനഗരം കാമറ നിരീക്ഷണത്തിലാകും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർ ജാഗ്രതൈ. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ലിങ്ക് റോഡ്, കുഞ്ഞിരാമൻ വക്കീൽ പാലം തുടങ്ങി നഗരത്തിന്റെ ഉൾഭാഗങ്ങളിലടക്കം 21 സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കും. പദ്ധതിക്ക് നഗരസഭ ഫണ്ടിൽനിന്ന് 38 ലക്ഷം രൂപ വകയിരുത്തി. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി പദ്ധതിയുടെ പ്രവൃത്തി തുടങ്ങും.
യുനൈറ്റഡ് ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡിനാണ് നിർവഹണ ചുമതല. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. നഗരത്തിലും ഉൾപ്രദേശങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് നഗരസഭക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. കാമറ സ്ഥാപിക്കുന്നതിലൂടെ അലക്ഷ്യമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കഴിയും. നഗരത്തിൽ നടക്കുന്ന മറ്റു നിയമലംഘനങ്ങളും കണ്ടെത്താനാകും. നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താൻ കാമറകൾ സ്ഥാപിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ശക്തമായിരുന്നു. നഗരത്തിൽ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നപ്പോൾ കടകൾക്കു മുന്നിലെ കാമറകൾ പ്രവർത്തിക്കാത്തത് പൊലീസിനും വെല്ലുവിളിയായിരുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.