മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ സമരം നടത്തുന്നവരെ ആക്രമിച്ച ക്വാറി സംഘത്തിന്റെ നടപടിയിൽ പുറക്കാമല സംരക്ഷണ സമിതി പ്രതിഷേധിച്ചു.
പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പുറക്കാമല സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജനങ്ങൾ വളരെ സമാധാനത്തോടെ ജീവിക്കുന്ന ഒരു പ്രദേശത്ത് ബോധപൂർവം സംഘർഷങ്ങൾ ഉണ്ടാക്കാനാണ് ഖനന മാഫിയാ സംഘങ്ങൾ ശ്രമിക്കുന്നത്. സംരക്ഷണ സമിതി നേതാക്കളെയും പ്രവർത്തകരെയും സായുധമായി കടന്നാക്രമിച്ചും വെല്ലുവിളിച്ചും ജനങ്ങളുടെ സമര ഐക്യത്തെ തകർക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നടക്കില്ലെന്ന് പുറക്കാമല സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
ചെയർമാൻ ഇല്യാസ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. എം.എം. പ്രജീഷ്, വി.എ. ബാലകൃഷ്ണൻ, ടി.പി. വിനോദൻ, വി.പി. മോഹനൻ, ഇല്ലത്ത് അബ്ദുറഹിമാൻ, സജീവൻ പുത്തൂര്, പി. അസയിനാർ എന്നിവർ സംസാരിച്ചു..
‘പുറക്കാമല ഖനനവിരുദ്ധ സമരത്തെ കായികമായി നേരിടാനുള്ള ശ്രമങ്ങളെ ചെറുക്കണം’
മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങൾ വളരെ സമാധാനത്തോടെ ജീവിക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷങ്ങൾ ഉണ്ടാക്കാനാണ് ഖനന മാഫിയാ സംഘങ്ങൾ ശ്രമിക്കുന്നത്. സംരക്ഷണസമിതി പ്രവർത്തകരെ കൈയേറ്റം ചെയ്ത് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യ കക്ഷികളെ അണിനിരത്തി നേരിടുമെന്ന് വെൽഫെയർ പാർട്ടി അറിയിച്ചു.
യോഗത്തിൽ വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്റഫ്, മണ്ഡലം സെക്രട്ടറി വി.എം. നൗഫൽ, വൈസ് പ്രസിഡന്റ് അമീൻ മുയിപ്പോത്ത്, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അഷ്റഫ്, മേപ്പയൂർ പഞ്ചായത്ത് സെക്രട്ടറി മുജാഹിദ് മേപ്പയൂർ എന്നിവർ സംബന്ധിച്ചു.