വടകര: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റുകളും ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായൊരുക്കിയ സ്നേഹാരാമം പദ്ധതി കാടുമൂടി വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു. മാലിന്യം നിറഞ്ഞ പ്രദേശം മാലിന്യമുക്തമാക്കി പൂന്തോട്ടമാക്കി മാറ്റുകയായിരുന്നു സ്നേഹാരാമം പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെയും മാലിന്യം സൃഷ്ടിക്കുന്നതിനെതിരെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിത്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നാഷനൽ സർവിസ് സ്കീമിന്റെ നേതൃത്വത്തിൽ കലാലയങ്ങളിലെ വിദ്യാർഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, കൂട്ടായ്മകൾ എന്നിവയുടെ ബഹുജന സഹകരണത്തോടെയാണ് സ്നേഹാരാമം ഒരുക്കിയിരുന്നത്.
പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വളന്റിയർമാരുടെ സർഗാത്മകത വ്യക്തമാക്കുന്ന തരത്തിൽ ഓരോ പ്രദേശവും സ്നേഹാരാമമായി മാറ്റിയെടുത്തിരുന്നു. ഇത്തരത്തിലുള്ള സ്നേഹാരാമങ്ങളാണ് പലയിടത്തും പരിപാലനവും ശ്രദ്ധയുമില്ലാതെ വീണ്ടും മാലിന്യ കേന്ദ്രങ്ങളായി മാറുന്നത്.