വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചില്ല; നാന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ജലജീവൻ പദ്ധതിയുടെ ഭാഗമായി നടുമുക്കാളി ചോമ്പാല സർവിസ് ബാങ്കിന് സമീപമുള്ള പൈപ്പ് ലൈനാണ് മുറിച്ചുമാറ്റിയത്. പൈപ്പ് ലൈൻ മുറിച്ചുമാറ്റിയിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടികളുണ്ടായില്ല. അഴിയൂർ ഗ്രാമപഞ്ചായത്തിലെ 12, 13, 14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ പാതിരിക്കുന്ന്, കറപ്പകുന്ന്, ബംഗ്ലക്കുന്ന് പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് മുറിച്ചിട്ടത്.
ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തേക്കുള്ള പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. കൂടാതെ സൂനാമി കോളനിയിലും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ദേശീയപാത നിർമാണ പ്രവൃത്തികൾക്കു കൃത്യമായ മേൽനോട്ടം വഹിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾ തോന്നിയതുപോലെ പ്രവൃത്തി നടത്തുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. നേരത്തേ ചോറോട് ഭാഗത്തും സമാനമായ അനുഭവമുണ്ടായിരുന്നു. കുടിവെള്ളം മുടങ്ങിയതിൽ ജനരോഷമുയർന്നിട്ടുണ്ട്.