വടകര: വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഷോപ്പിങ് കോപ്ലക്സ് കെട്ടിടത്തിൽ ആകെ 53 കടമുറികളാണുള്ളത് 14 എണ്ണം ലേലത്തിൽ പോയി. 39 കടമുറികൾ ഒഴിഞ്ഞുകിടക്കുന്നു. മുറികളുടെ ഡെപ്പോസിറ്റിലും വാടകയിലും വൻ വർധന വരുത്തിയതിനാൽ ആദ്യഘട്ടത്തിൽ ലേലത്തിന് ആവശ്യക്കാർ എത്തിയിരുന്നില്ല.
എന്നാൽ, പിന്നീട് ഡെപ്പോസിറ്റ് തുകയിലടക്കം കുറവ് വരുത്തിയതോടെ ആവശ്യക്കാരെത്തുകയായിരുന്നു. ബാക്കിയുള്ള മുറികൾ അടുത്ത ഓഫറോടെ ലേലത്തിൽ പോകുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി നവംബറിൽ കെട്ടിടം നാടിന് സമർപ്പിക്കാനാണ് നീക്കം. കെട്ടിടത്തിന്റെ അവസാനഘട്ട പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെ.യു.ആർ.ഡി.എഫ്.സിനിന്ന് ഒമ്പതു കോടി 16 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയാണ് 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണത്തിന്റെ വായ്പ തിരിച്ചടവ് നഗരസഭ നിർവഹിക്കേണ്ടതുണ്ട്. കടമുറികൾ കഴിഞ്ഞ് ബാക്കി ഭാഗം നഗരസഭ ഓഫിസായും പ്രവർത്തിക്കും. ഇലക്ട്രിഫിക്കേഷൻ ഫയർ വർക്കുകൾ അവസാന ഘട്ടത്തിലാണ്.
ഇലക്ട്രോണിക്സ് ഇന്റീരിയൽ പ്രവൃർത്തികൾ അന്ത്യഘട്ടത്തിലാണ്. ഓഫിസിനും വ്യാപാര സമുച്ചയത്തിനും അഗ്നിബാധയിൽനിന്നുള്ള രക്ഷക്കായി വൈറ്റ് റൈസർ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. യാർഡ് നിർമാണവും പൂർത്തീകരിക്കേണ്ടതുണ്ട്. നെറ്റ് സീറോ കാർബൺ പദ്ധതിക്ക് അനുസൃതമായി ഗ്രീനറി സംവിധാനത്തിലാണ് യാർഡ് നിർമിക്കുന്നത്. നഗരസഭയുടെ അഭിമാന പദ്ധതിയായിട്ടാണ് നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം വിലയിരുത്തുന്നത്.