താമരശ്ശേരി: താമരശ്ശേരിയിൽ നാട്ടുകാരും ലഹരിസംഘവും തമ്മിൽ ഏറ്റുമുട്ടി. കാരാടിയിൽ ലഹരി ഉപയോഗത്തിനായി എത്തിയ സംഘമാണ് നാട്ടുകാരുമായി ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കാരാടി- കുടുക്കിലുമ്മാരം റോഡിലാണ് നാട്ടുകാര്‍ക്കു നേരെ ലഹരിസംഘം കൈയേറ്റം നടത്തിയത്. നാട്ടുകാര്‍ സി.പി.എം ഓഫിസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതല്‍ പേരെത്തി ആളൊഴിഞ്ഞ വീട്ടില്‍ ലഹരി ഉപയോഗിക്കുന്ന സംഘത്തെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ലഹരി സംഘത്തിൽപെട്ട കാരാടി സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ യുവാവിനെ ലഹരി സംഘം ആക്രമിക്കുകയും അക്രമിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്പിക്കുകയും ചെയ്തിരുന്നു. കേസെടുക്കാതെ പൊലീസ് അക്രമിയെ വിട്ടയച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനു പുറത്തുവെച്ച് ഇയാളെ കൈയേറ്റം ചെയ്തിരുന്നു. ലഹരി മാഫിയ സംഘത്തെക്കുറിച്ച് വിവരം നല്കിയാല് പൊലീസ് കാര്യമാക്കുന്നില്ലെന്നും പരാതി നല്കിയാല് അന്വേഷണം പോലും നടത്തുന്നില്ലെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാര്യക്ഷമമായി ഇടപെടാത്ത പൊലീസ് നടപടിയില്‍ വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.
ലഹരി മാഫിയക്കെതിരെ പൊലീസ് നിസ്സംഗത തുടരുകയാണെങ്കിൽ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ താമരശ്ശേരിയിൽ പ്രതിഷേധ ജാഥ നടത്തി.