ബാലുശ്ശേരി: ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തി തുടങ്ങി. പറമ്പിൻ മുകളിൽ പഴയ വില്ലേജ് ഓഫിസിനു സമീപത്തായി റവന്യൂ വകുപ്പിനു കീഴിലുള്ള 72 സെന്റ് സ്ഥലത്തെ മണ്ണെടുത്തു നീക്കാനുള്ള പ്രാരംഭ പ്രവൃത്തിയാണ് നടന്നുവരുന്നത്.
2021 സെപ്റ്റംബറിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. സാങ്കേതിക കാരണങ്ങളാൽ രണ്ടരവർഷക്കാലമായി പ്രവൃത്തി തുടങ്ങാൻ കഴിയാതെ നീണ്ടുപോകുകയായിരുന്നു. കെട്ടിട നിർമാണത്തിന് മണ്ണെടുക്കലുമായി ബന്ധപ്പെട്ട് ആദ്യം കരാറെടുത്ത കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയതിനാൽ കരാർകമ്പനിയെ പൊതുമരാമത്ത് വകുപ്പ് തന്നെ ഒഴിവാക്കുകയായിരുന്നു. റീ ടെൻഡർ നടപടി പൂർത്തിയായി മലപ്പുറത്തെ നിർമാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇപ്പോൾ കെട്ടിട നിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി 15 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് കെട്ടിടം രണ്ടുവർഷം മുമ്പെ അടച്ചുപൂട്ടി കോക്കല്ലൂരിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന വില്ലേജ് ഓഫിസിന് റവന്യൂ വകുപ്പ് വാടക നൽകിവരുകയാണ്. പുതിയ കരാർ കമ്പനിയുടെ കീഴിൽ കെട്ടിട നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം.
ബാലുശ്ശേരി ടൗണിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, എക്സൈസ് ഓഫിസ്, വൈദ്യുതി ഓഫിസുകൾ, എംപ്ലോയെന്റ് എക്സ്ചേഞ്ച്, വനിതാ ശിശുവികസന വകുപ്പ് ബാലുശ്ശേരി പ്രോജക്ട് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മിനി സിവിൽ സ്റ്റേഷന്റെ വരവോടെ സാധ്യമാകും. പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചർ വിഭാഗവും ഡിസൈൻ വിഭാഗവും സംയുക്തമായി രൂപകൽപന ചെയ്ത കെട്ടിടം രണ്ട് ബേസ്മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ ആറു നിലകളിൽ പ്രത്യേകം സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.