ഉള്ള്യേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജീവനക്കാരെ മർദിച്ചെന്നാരോപിച്ച് യാത്രക്കാരെ ബസ് ജീവനക്കാർ പെരുവഴിയിലിറക്കി. ചൊവ്വാഴ്ച രാത്രിതെരുവത്തുകടവിനു സമീപം പുളിക്കൂൽ താഴെ ഭാഗത്താണ് സംഭവം.
തിങ്കളാഴ്ച പകൽ അപകടകരമാംവിധം ഓടിച്ച ‘പുലരി’ ബസിനു മുന്നിൽനിന്ന് പ്രദേശത്തുകാരായ ദമ്പതികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതേത്തുടർന്നാണ് ഇന്നലെ നാട്ടുകാർ പ്രതിഷേധമുയർത്തിയത്. ബസ് തടഞ്ഞ് വിവരങ്ങൾ പറയുന്നതിനിടെ ജീവനക്കാർ പ്രകോപിതരാവുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നുവെന്നും ജീവനക്കാരെ മർദിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
അതേസമയം, ബസ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ബസ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. നാട്ടുകാരും അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ബസിൽ സ്ത്രീകളും വിദ്യാർഥികളും അടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവർ ഏറെനേരം പെരുവഴിയിലായി. പിന്നാലെ വന്ന ബസുകളിലാണ് ഇവർ യാത്ര തുടർന്നത്.
സംഭവം നടന്ന പുളിക്കൂൽ താഴെ ഭാഗത്ത് ഏതാനും മാസങ്ങൾക്കിടെ മൂന്നു ബസ് അപകടങ്ങൾ ഉണ്ടാവുകയും രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്വകാര്യ ബസുകൾ ഇപ്പോഴും അപകടഭീതി ഉയർത്തി അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.