മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ അപകടം തുടർക്കഥയാവുന്നതിന്റെ കാരണം റോഡിന്റെ മോശം അവസ്ഥയോടൊപ്പം വാഹനങ്ങളുടെ തേഞ്ഞുതീരാറായ ടയറുകളും. അപകടങ്ങൾക്ക് ശേഷം പരിശോധന നടത്തുമ്പോഴാണ് ഇത്തരത്തിലുള്ള ടയറുകൾ ശ്രദ്ധയിൽപ്പെടുന്നത്. റോഡിൽ നിത്യേനയെന്നോണം ഹെൽമറ്റ് പരിശോധനയും മറ്റും നടത്തുന്ന മോട്ടോർ വാഹന വകുപ്പും പൊലീസും ഇത്തരം നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. നിരവധിയാളുകളുമായി റോഡിൽ ചീറിപ്പായുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ടയറുകളാണ് ഇത്തരത്തിൽ തേഞ്ഞു തീർന്ന അവസ്ഥയിലുള്ളത്.
കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലിടിച്ച ബസിന്റെ ടയറും തേഞ്ഞു തീർന്ന നിലയിലായിരുന്നു. അരീക്കോട് മുക്കം റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപെട്ടത്. കുറ്റൂളി കുഞ്ഞൻപടിയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട പിക് അപ് വാനിൽ ഇടിച്ചു. പിക് അപ് വാൻ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. ടയർ പൊട്ടി എതിർ ദിശയിൽ 100 മീറ്ററിലേറെ ബസ് നീങ്ങി.
പിക് അപ് വാനിലും ഓട്ടോയിലും ഉള്ളവർ സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയതിനാലും ഉച്ചസമയം ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതിനാലും വൻ ദുരന്തം ഒഴിവാവുകയായിരുന്നു.