വിലങ്ങാട്: ഉരുൾ തകർത്തെറിഞ്ഞ വിലങ്ങാട് അതിജീവനത്തിനായി പോരാടുമ്പോൾ ഉരുളിനെ അതിജീവിച്ച് റെക്കോഡ് ഉൽപാദനവുമായി മുന്നോട്ടുകുതിക്കുകയാണ് വിലങ്ങാട് ചെറുകിട ജലവൈദ്യുതി പദ്ധതി. ജൂണിൽ കാലവർഷം ആരംഭിച്ചതുമുതൽ 16.155863 മില്യൻ യൂനിറ്റ് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിച്ചത്.
വിലങ്ങാട് പദ്ധതിയിൽ പാനോത്തെയും വാളൂക്കിലെയും തടയണകളിൽനിന്ന് വെള്ളം കനാൽ വഴി പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദനം നടക്കുന്നത്. ഉരുൾപൊട്ടലിൽ പാനോത്തെ തടയണയോടുചേർന്ന് കനാലുകളിൽ മണ്ണ് നിറഞ്ഞത് ഉൽപാദനത്തിന് തടസ്സമായിരുന്നു. ഒരാഴ്ചക്കകം മണ്ണ് നീക്കി ഉൽപാദനം പുനരാരംഭിച്ച് റെക്കോഡ് ഉൽപാദനം നടത്താൻ പദ്ധതിയിലൂടെ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു.
വിലങ്ങാട് ജലവൈദ്യുതി പദ്ധതിയുടെ പവർ ഹൗസിന്റെ മുകൾ ഭാഗത്തെ മലമുകൾ മാത്രമാണ് ഉരുളിൽനിന്ന് രക്ഷപ്പെട്ടത്. പെൻ സ്റ്റോക്ക് പൈപ്പ് പവർ ഹൗസിലേക്ക് കടന്നുവരുന്ന ചെങ്കുത്തായ മലനിരകൾ ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മലയുടെ ചുറ്റും നൂറിലധികം ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നപ്പോഴാണ് ഈ ഭാഗം സുരക്ഷിതമായി നിന്നത്. വിലങ്ങാട് പവർ ഹൗസിൽ 2.5 മെഗാവാട്ട് ശേഷിയുള്ള 3 ജനറേറ്ററുകളാണുള്ളത്. 7.5 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയാണ് പവർ ഹൗസിനുള്ളത്.
ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ചിയ്യൂർ സബ് സ്റ്റേഷനിലെത്തിച്ച് പൊതു ഗ്രിഡിലേക്ക് കടത്തിവിട്ടാണ് വിതരണം ചെയ്യുന്നത്. 2014-15 ൽ ജലവൈദ്യുത പദ്ധതിയുടെ തുടക്കത്തിൽ 7.168168 മില്യൻ യൂനിറ്റ് വൈദ്യുതി ഉൽപാദനമാണ് ഇവിടെ നടന്നത്. പിന്നീട് ഉൽപാദനത്തിൽ കുതിച്ചുചാട്ടമാണുണ്ടായത്. 2021-22 ൽ 19.125941 മില്യൻ യൂനിറ്റിലേക്ക് എത്തുകയുണ്ടായി.
കാലവർഷം മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ഇത്തവണ ഉൽപാദനത്തിൽ വർ വർധനവാണ് പ്രതീക്ഷിക്കുന്നത്. വിലങ്ങാടിനെ ഉരുൾ വാരിയെടുക്കുമ്പോൾ പവർ ഹൗസ് സ്ഥിതി ചെയ്യുന്ന മലയോരം ഏറെ മുൾമുനയിലായിരുന്നു. പവർ ഹൗസിൽനിന്ന് വൈദ്യുതി ഉൽപാദനം കഴിഞ്ഞ് വെള്ളം ഒഴുക്കി വിടുന്നത് മുൻ ഭാഗത്തെ പുഴയിലേക്കാണ്. ഉരുൾപൊട്ടലിൽ പുഴ കരകവിഞ്ഞെങ്കിലും പവർഹൗസിന് പോറൽപോലുമേറ്റിരുന്നില്ല.