കൊച്ചി: എന്‍എസ്എസ് വര്‍ഗീയ സംഘടനയല്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. എന്‍എസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകള്‍ സെപ്റ്റര്‍ അഞ്ചിന് ശേഷവും ഉണ്ടാവണം. പുതുപ്പള്ളി കഴിഞ്ഞാല്‍ പാര്‍ലമെന്റും തദ്ദേശ തെരഞ്ഞെടുപ്പും വരാനുണ്ടെന്ന് സിപിഎം ഓര്‍ക്കണമെന്നും മുരളീധരന് പരിഹസിച്ചു.
അയ്യപ്പനെ തൊട്ടപ്പോള്‍ കൈപ്പൊള്ളുമെന്ന് താന്‍ പറഞ്ഞിരുന്നു. ഗണപതിയെ തൊട്ടപ്പോള്‍ കൈയും മുഖവും പൊള്ളുമെന്നും പറഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. എന്‍എസ്എസ് ഇന്നുവരെ ഒരുപരിപാടിയിലും ബിജെപിയെ ക്ഷണിച്ചിട്ടില്ല. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന എന്‍എസ്എസിനെ വര്‍ഗീയ സംഘടനയെന്ന് വിളിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനുമാണ്. എന്നാല്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറയുന്നത് എന്‍എസ്എസ് മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് എന്നാണ്. ഇപ്പോള്‍ ഗോവിന്ദനും പ്ലേറ്റ് മാറ്റി. എല്ലാ വോട്ടും അവരുടെ കൈയില്‍ അല്ലെന്നും അവരുടെ കൈയിലും വോട്ടുണ്ടെന്നുമാണ് പറയുന്നതെന്ന് മുരളീധരന് പറഞ്ഞു.
കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തിയ സംഭവത്തില്‍ മുരളീധരന്റെ പ്രതികരണം ഇങ്ങനെ; അവിടെ കോണ്‍ഗ്രസിന് അംഗങ്ങളില്ല. ബിജെപി പിന്തുണയോടെ പ്രസിഡന്റായ അവരെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുറത്താക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും അവരുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നായിരുന്നു മറുപടി.
ആരോപണം ഉന്നയിച്ചതിന്റ അടിസ്ഥാനത്തില്‍ മാത്യു കുഴല്‍നാടനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുവാനാണ് സിപിഎം തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. ആരോപണം ഉന്നയിക്കുന്ന ഒരാളെ വ്യക്തിഹത്യ ചെയ്യാനും അപമാനിക്കാനും ശ്രമിച്ചാല്‍ പാര്‍ട്ടി കൈയും കെട്ടിനോക്കിയിരിക്കില്ല. എംഎല്‍എ ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചപ്പോള്‍ അതിന് മറുപടി പറുന്നതിന് പകരം ഉന്നയിച്ച ആളെ കടന്നാക്രമിക്കാനാണ് സിപിഎം ശ്രമം. പത്രവാര്‍ത്തയുടെ പേരില്‍ കെപിസിസി പ്രസിഡന്റിന് നോട്ടീസ് അയച്ച എന്‍ഫോഴ്സ്മെന്റ് എന്തുകൊണ്ട് ഇക്കാര്യത്തില്‍ നോട്ടീസ് അയക്കുന്നില്ല. അതിനാണ് സുരേന്ദ്രന് ആദ്യം മറുപടി പറയേണ്ടത്. എന്നിട്ട് മതി കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബീടീമാണ് എന്നുപറയുന്നത്. മാസപ്പടി വിവാദത്തില്‍ വിശദമായ അന്വേഷണം നടക്കണം. കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തേണ്ടത്. ഇക്കാര്യം വി മുരളീധരനും സുരേന്ദ്രനും മോദിയോടും അമിത് ഷായോടും ആവശ്യപ്പെടുകയാണ് വേണ്ടതെന്നും മുരളീധരന് പറഞ്ഞു.