പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശല്യവുംകൊണ്ട് യാത്രക്കാരും നാട്ടുകാരും പൊറുതിമുട്ടുന്നു. പയ്യോളി ടൗണിന്റെ ഹൃദയഭാഗത്താണ് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ വൻദുരിതം.
ദേശീയപാതയുടെ ഇരു സർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്താതെ അക്ഷരാർഥത്തിൽ കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള പ്രഹസന പ്രവൃത്തികളാണ് നിർമാണ കരാറുകാരായ വഗാഡ് കമ്പനി നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മേൽപാല നിർമാണം പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് -വടകര ഭാഗത്തേക്ക് ഒരു വലിയ വാഹനത്തിന് കഷ്ടിച്ച് പോകാൻ കഴിയുന്ന വീതി കുറഞ്ഞ സർവിസ് റോഡുകളാണ് ഇപ്പോൾ പൂർണ തകർച്ചയിലായിരിക്കുന്നത്. കോടതിക്ക് മുന്നിലാണ് തകർച്ച രൂക്ഷമായിട്ടുള്ളത്. സിമന്റ് കലർന്ന മെറ്റൽ രൂപത്തിലൂള്ള മിശ്രിതം വെള്ളക്കെട്ടിൽ പാകുന്നതോടെ താൽക്കാലിക പരിഹാരം മാത്രമാണത്.