പേരാമ്പ്ര: ജമാഅത്തെ ഇസ്ലാമി പാലേരി പാറക്കടവിൽ നിർമിച്ച മെസേജ് കൾച്ചറൽ സെന്റർ സെപ്റ്റംബർ ആറിന് കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്റർ, ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ, കോൺഫറൻസ് ഹാൾ, ലൈബ്രറി, തഹ്ഫീദുൽ ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ട്, ഖുർആൻ സ്റ്റഡി സെന്റർ, ആർട്സ് ആൻഡ് സ്പോർട്സ് വിങ് തുടങ്ങിയവയാണ് സെന്ററിൽ പ്രവർത്തിക്കുക. വൈകീട്ട് നാലരക്ക് നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുൻ പ്രസിഡന്റ് കെ.എൻ. സുലൈഖ ടീച്ചർ, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നവാഫ് പാറക്കടവ് തുടങ്ങിയവർ പങ്കെടുക്കും. നവാസ് പാലേരിയുടെ നേതൃത്വത്തിൽ ഗാനവിരുന്നും മലർവാടി ബാലസംഘം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.
വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം. അബ്ദുറഹീം, എം.കെ. ഖാസിം, സുൽത്താൻ നൂറുദ്ദീൻ, കെ.കെ. അബ്ദുറഹ്മാൻ, പി. അബ്ദുറസാഖ്, എം.സി. ഷഫീഖ് എന്നിവർ പങ്കെടുത്തു.