വിലങ്ങാട്: ഉരുൾപൊട്ടി ജീവിത സമ്പാദ്യങ്ങൾ ഒഴുകിപ്പോകുന്നത് ഇരുട്ടിൽ നിഴൽപോലെ നോക്കിക്കാണുമ്പോൾ അവർ ഓർത്തുകാണില്ല ഇനി ഈ ഭൂമുഖത്ത് ജീവിക്കുമെന്ന്. വിലങ്ങാട് ഉരുൾപൊട്ടലിൽ കടവൂർ സണ്ണിയുടെ വീട്ടിൽ അഭയംതേടിയ 35 പേർക്ക് ലഭിച്ചത് പുതുജീവൻ. വിലങ്ങാട് മഞ്ഞച്ചീളിൽ ആദ്യം ചെറിയ ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയത്.
പുഴയിൽനിന്ന് അസാധാരണ ശബ്ദവും കല്ലുകളുടെ ഉരുൾച്ചയും കേട്ട് വീട്ടുകാർ തമ്മിൽ വിളിച്ച് ഉരുൾപൊട്ടിയതാണെന്ന് ഉറുപ്പുവരുത്തി. ഉടനെ മലയുടെ മുകൾഭാഗത്തുനിന്നുള്ളവരോട് മാറിനിൽക്കാൻ ഫോണിലൂടെയും മറ്റും വിവരങ്ങൾ കൈമാറി. വളരെ പെട്ടെന്നുതന്നെ 15ഓളം കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം റോഡിനോട് ചേർന്ന സണ്ണിയുടെ വീട്ടിലേക്ക് അഭയം തേടി.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉരുൾപൊട്ടി പാറകളും വെള്ളവും കുത്തിയൊലിക്കുകയായിരുന്നു. സണ്ണിയുടെ വീടിന് ചുറ്റും മണ്ണും കല്ലും വെള്ളവും ഒഴുകിയിറങ്ങി. വീട്ടിലുള്ളവരെല്ലാം മുകൾ നിലയിലേക്ക് അഭയം തേടി. വീടിന്റെ തൊട്ടുപിന്നിലെ റോഡിനോട് ചേർന്ന ഭാഗം മുഴുവൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി വീടിന് ചുറ്റും റോഡിലും കല്ലും മണ്ണും നിറഞ്ഞു.
വൈദ്യുതി ബന്ധം നിലച്ച് പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയിൽ വീട്ടിലുണ്ടായിരുന്നവർ പിന്നീട് തൊട്ടടുത്ത ജോണി മുല്ലക്കുന്നേലിന്റെ വീട്ടിലേക്ക് മാറുകയുണ്ടായി. ഉരുൾപൊട്ടലിൽ വിലങ്ങാട് മഞ്ഞച്ചീളിൽ പാനോം എന്നീ പ്രദേശങ്ങൾ രണ്ട് കരകളായി മാറിയിട്ടുണ്ട്.