കൊയിലാണ്ടി: ഗായകൻ മണക്കാട് രാജൻ അന്തരിച്ചു. ഗാനമേളകൾ അരങ്ങുവാണ എൺപതുകളിൽ മണക്കാട് രാജൻ വിശ്രമമില്ലാത്ത ഗായകനായിരുന്നു. ഉത്സവ പറമ്പുകൾ, കലാസമിതി വാർഷികങ്ങൾ,സ്കൂൾ കലോത്സവത്തിലെ നൃത്ത വേദികൾ, ആഘോഷപൂർവമായ വിവാഹ വീടുകൾ…തുടങ്ങി എണ്ണമറ്റ വേദികളിൽ രാജൻ പാടി.
ശങ്കരാഭരണം സിനിമയിലെ ക്ലാസിക്കൽ ഗാനങ്ങളാണ് ഒരു കാലത്ത് മണക്കാട് രാജനെ ഗാനാസ്വാദകരുടെ ഹരമാക്കിയിരുന്നത്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളിലൂടെ അരങ്ങ് വിട്ട് മറ്റൊരു ലോകത്തേക്ക് പ്രയാണം ചെയ്ത രാജനെ സംഗീതാസ്വാദകർക്ക് മറക്കാനാവില്ല.
ശാസ്ത്രീയമായി സംഗീത പഠനമൊന്നും നടത്താതെ അരങ്ങ് കീഴടക്കിയ രാജന്റെ ശബ്ദ സൗകുമാര്യം ഈ രംഗത്തുള്ളവർ ക്കെല്ലാം അദ്ഭുതമായിരുന്നു. ഏത് വേദികളിലും പാടാനും രാജൻ തയാറായിരുന്നു. എന്നാൽ ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. ലൈവായി സംഗീതോപകരങ്ങളുടെ അകമ്പടി വേണം. കരോക്കയോട് സന്ധിയില്ല. സ്കൂൾ കലോത്സവ നൃത്തവേദികൾക്ക് സി.ഡികൾ പക്കമേളമൊരുക്കി. ആഘോഷവേദികൾ പലതും കരോക്കെ കൈയടക്കി. എന്നാലും പാടാനുള്ള അവസരങ്ങൾ തേടി വരുമായിരുന്നു. കോവിഡ് കാലം തിരശീല താഴ്ത്തും വരെ. തുടർന്നിങ്ങോട്ട് അസുഖ ബാധിതനായി വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായി.