
ബാലുശ്ശേരി: കാന്തലാട്, പനങ്ങാട് വില്ലേജുകളിലെ ആറു പ്രദേശങ്ങൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിൽ. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
കാന്തലാട് വില്ലേജിലെ 25ാം മൈൽ, 26ാം മൈൽ, ചീടിക്കുഴി, കുറുമ്പൊയിൽ, മങ്കയം എന്നീ പ്രദേശങ്ങളും പനങ്ങാട് വില്ലേജിലെ വാഴോറ മലയും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരിതങ്ങൾ കാരണം ഒട്ടേറെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ച പ്രദേശങ്ങളാണ്. തലയാട് – കക്കയം റോഡിൽപ്പെട്ട 25ാം മൈലിലും 26ാം മൈലിലും മലയോര ഹൈവേ നിർമാണ പ്രവൃത്തി കാരണം നിരന്തര മണ്ണിടിച്ചിൽ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടെ നേരിയ തോതിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. മങ്കയത്ത് നെട്ടമ്പ്രച്ചാലിൽ മലയിൽ ഉരുൾപൊട്ടി പാറക്കല്ലുകളും മണ്ണും താഴേക്ക് ഒഴുകിയെത്തുകയുണ്ടായി. സമീപത്തൊന്നും ആൾ താമസമില്ലാത്തതിനാൽ ഉരുൾപൊട്ടൽ ആരെയും ബാധിച്ചിരുന്നില്ല. എന്നിട്ടും സുരക്ഷ കണക്കിലെടുത്ത് അകലെയുള്ള രണ്ടു വീട്ടുകാരെ മുൻ കരുതലെന്നോണം മാറ്റിപ്പാർപ്പിക്കുകയുമുണ്ടായി. ചീടിക്കുഴി കുറുമ്പൊയിൽ ഭാഗങ്ങളും കനത്ത മഴ പെയ്താൽ ഏറെ ഭീഷണിയുള്ള പ്രദേശങ്ങൾ തന്നെയാണ്. പനങ്ങാട് വില്ലേജിലെ വാഴോറ മലയിൽ ഇത്തവണത്തെ മഴയിൽ വലിയ ഉറവകൾ പൊട്ടിയൊഴുകിയത് പ്രദേശത്ത് ആശങ്ക പരത്തിയിരുന്നു. മണ്ണും പാറക്കഷണങ്ങളും താഴേക്കു ഒഴുകിയെത്തുകയുമുണ്ടായി.
ചെറിയ ഉറവകൾ വലുതായി രൂപപ്പെട്ടതും ഭൂമിയിൽ വിള്ളലുണ്ടായതും ആശങ്കക്ക് കാരണമായി. ഇവിടങ്ങളിൽ നൂറോളം കുടുംബങ്ങൾ പാർക്കുന്നുണ്ട്. ബാലുശ്ശേരി വില്ലേജിലെ തരിപ്പാക്കുനി മലയിലും വലിയ ഉറവ പ്രത്യക്ഷപ്പെട്ടിരുന്നു. മലയുടെ മുകളിൽ രണ്ട് സ്ഥലത്തായി കണ്ട ഉറവയിൽ നിന്നും ചളിവെള്ളം കുത്തിയൊഴുകിയത് പ്രദേശത്തെ വീട്ടുകാരെ ഭീതിയിലാക്കിയിരുന്നു. ഇവിടെ ജിയോളജി വകുപ്പധികൃതർ പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയിട്ടില്ല.